Friday, May 18, 2012

ഇത് നീതിയാണോ LIC?


പ്രത്യക്ഷത്തില്‍ അനീതിയുണ്ടായാല്‍ ജനം പ്രതികരിക്കും. അനീതിയാണെന്ന തോന്നല്‍ ഉണ്ടാക്കിയാലും നീതിയെന്ന് ന്യായീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്ന പ്രശ്നം ആകുമ്പോള്‍ വലിയ പ്രതിഷേധം ഉണ്ടാകില്ല. അത് കൊണ്ട് അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.ONGC നടത്തിയ ഓഹരി ലേലം ആണ് ഇവിടെ ഈ സംശയം ഉണര്‍ത്തുന്നത് . ഈ സാമ്പത്തിക വര്‍ഷം 40000 കോടി രൂപ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ കണ്ടെത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ആണ് എങ്ങനെയും കുറച്ചു പണം കണ്ടെത്താന്‍ ആദ്യമായി ഈ ഓഹരി ലേല മാര്‍ഗ്ഗം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍ ആയത്.കേന്ദ്ര സര്‍ക്കാര്‍ കൈവശം വച്ചിരിക്കുന്ന ONGC ഓഹരികളില്‍ 5% ആണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ലേലം ആകുമ്പോള്‍ കുറഞ്ഞ വില നിശ്ചയിക്കണം. ഓഹരി വില്‍പ്പനക്ക് ചുക്കാന്‍ പിടിക്കുന്ന മര്‍ച്ചന്റ് ബാങ്കുകള്‍ നിര്‍ദ്ദേശിച്ച കുറഞ്ഞ വില 290 രൂപ. ഓഹരി വിപണിയില്‍ ഒരു ലേലവും ഇല്ലാതെ ONGC ഷെയറുകള്‍ 283 രൂപയ്ക്കു ലഭിക്കുന്ന സമയത്താണ് ഈ ഉയര്‍ന്ന വില നിശ്ചയിക്കപ്പെട്ടത്‌. 

മര്‍ച്ചന്റ് ബാങ്കുകള്‍ ഒരു വില നിശ്ചയിക്കുമ്പോള്‍ പ്രധാനമായും കണക്കിലെടുക്കേണ്ട കാര്യം ഈ വിലക്ക് ഓഹരി വാങ്ങാന്‍ എത്രമാത്രം താല്പര്യം വിപണിയില്‍ ഉണ്ടാകും എന്നാണ്? വിദേശ ഫണ്ടുകളും ഇന്ത്യന്‍ സ്ഥാപനങ്ങളും ഈ ഓഹരി കൈക്കലാക്കാന്‍ വലിയ മത്സരം ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ സംഭവിച്ചതോ? ( സാധാരണ നിക്ഷേപകന്‍ പോലും പ്രതീക്ഷിച്ചത് പോലെ) ആരും തിരിഞ്ഞു നോക്കിയില്ല.ഒരൊറ്റ വിദേശ സ്ഥാപനം പോലും ലേലത്തില്‍ പങ്കെടുത്തില്ല.സര്‍ക്കാര്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചത് 42 കോടി ഷെയറുകള്‍.വാങ്ങാന്‍ ആളുണ്ടായത് വെറും 2 കോടി ഷെയറുകള്‍.ഇഷ്യൂ ദയനീയമായി പരാജയപ്പെടുന്നു എന്ന് ഉറപ്പായ അവസാന നിമിഷങ്ങളില്‍ എല്ലാവരും പ്രതീക്ഷിച്ച പോലെ LIC പ്രത്യാക്ഷപ്പെടുന്നു.12000 കോടി രൂപ മുടക്കി 303 രൂപ നിരക്കില്‍ ഓഹരികള്‍ വാങ്ങി പരാജയത്തെ വിജയമാക്കുന്നു. 

ലേലം നടക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ONGC ഓഹരി വില താഴാതെ പിടിച്ചു നിര്‍ത്താനും ഇത്തരം സമയോചിത നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടാകം.ഇഷ്യൂ നടന്നു കഴിഞ്ഞപ്പോള്‍ വന്‍ വിജയത്തില്‍ ആഹ്ലാദിക്കുന്ന സര്‍ക്കാര്‍,മര്‍ച്ചന്റ് ബാങ്കുകള്‍.പിന്നെ ആര്‍ക്കാണ് പരാതി? LIC ഈ ഇഷ്യൂ വിജയിപ്പിക്കാന്‍ 40 കോടി ഓഹരികള്‍ വാങ്ങാന്‍ (പ്രതി ഓഹരി 303.67 രൂപ ) മുടക്കിയത് ഏതാണ്ട് 12100 കോടി രൂപ.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഓഹരി വില 280.85 രൂപ. അതായതു 11200 കോടി രൂപ മൊത്തം. നഷ്ടം 900 കോടി രൂപ.മാര്‍ക്കറ്റില്‍ ഉണര്‍വ് ഉണ്ടായെങ്കിലും ഈ കുറിപ്പ് എഴുതുന്ന സമയത്ത് ONGC ഓഹരി വില 285 രൂപ മാത്രം.ONGC ഈ വിലയില്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം. ഈ നിക്ഷേപം LIC എന്ന ദീര്‍ഘ കാല നിക്ഷേപകനു നഷ്ടം ഉണ്ടാക്കില്ല.എന്നാല്‍ ഇന്നും വിപണിയില്‍ 285 രൂപയ്ക്കു ലഭിക്കുന്ന ഈ ഓഹരി ഇത്ര വിലക്ക് വങ്ങേണ്ടതുണ്ടായിരുന്നോ ? ആരുടെയെങ്കിലും മുഖം രക്ഷിക്കാന്‍ സാധാരണക്കാരന്റെ പ്രീമിയം തുക ഉപയോഗിക്കുന്നത് ശരിയാണോ? LIC യുടെ ലാഭത്തില്‍ കുറവുണ്ടാകുമ്പോള്‍ പോളിസി ഉടമകളുടെ ബോണസിലും ആനുപാതിക കുറവ് ഉണ്ടാകില്ലേ? വിപണിയില്‍ ഇടിവ് ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക നഷ്ടം ആയി ഇത്തരം നഷ്ട്ടങ്ങളെ കാണാന്‍ സാധിക്കുമോ? അറിഞ്ഞു കൊണ്ട് ഉണ്ടാക്കുന്ന നഷ്ടത്തെ മറ്റു പേരുകള്‍ ചൊല്ലി അല്ലെ നാം വിളിക്കാറ്?

No comments:

Post a Comment