Tuesday, May 15, 2012

രൂപയുടെ വിലത്തകര്‍ച്ച-ചില കാരണങ്ങള്‍



അടുത്തകാലത്തായി രൂപ നേരിടുന്ന വിലത്തകര്‍ച്ച പത്രങ്ങളിലെ സ്ഥിരം വാര്‍ത്തയാണ്. എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇത്രയും താഴുന്നത്? വാര്‍ത്ത വായിക്കുമ്പോള്‍ സ്വാഭാവികമായും ഈ സംശയം ഉയരും. ഇന്ത്യന്‍ കറന്‍സി നേരിടുന്ന കനത്ത വിലത്തകര്‍ച്ചയുടെ ചില കാരണങ്ങള്‍ പരിശോധിക്കാം. അമേരിക്കന്‍ ഡോളറിനെ അപേക്ഷിച്ച് രൂപ ഇപ്പോള്‍ 11 ശതമാനത്തിലേറെ ഇടിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളുടെ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നത് രൂപയാണെന്നതാണ് വാസ്തവം. പല ആഭ്യന്തര, ആഗോള കാരണങ്ങള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കു പിന്നിലുണ്ട്.

ഇന്ത്യയുടെ ഉയരുന്ന വ്യാപാരക്കമ്മി, വിദേശ ഫണ്ട്വരവ് കുറയല്‍, ഉയരുന്ന ക്രൂഡോയില്‍ വില ഇവയൊക്കെ രൂപയ്ക്ക് മൂല്യത്തകര്‍ച്ചയുണ്ടാക്കുന്ന ഘടകങ്ങളാണ്. ഇന്ത്യ വിദേശരാജ്യങ്ങളുമായി നടത്തുന്ന വ്യാപാരത്തില്‍ ഇറക്കുമതി കയറ്റുമതിയെ പിന്തള്ളുമ്പോള്‍ ഡോളറിന് ആവശ്യം ഏറുന്നു. ഇത് ഒരുപരിധിവരെ പരിഹരിച്ചിരുന്നത് വിദേശഫണ്ട് വരുന്നതുകാരണമായിരുന്നു. എന്നാല്‍ അടുത്തിടെ ഈ ഫണ്ട് വരവ് കുറയുന്നത് ഡോളറിന്റെ ആവശ്യം ഉയരാന്‍ കാരണമാകുകയും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഇന്ത്യന്‍ ഉപഭോഗത്തിന്റെ മുക്കാല്‍ഭാഗം ക്രൂഡോയിലും ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡോയിലിന്റെ വിലവര്‍ധന അപ്പോള്‍ സ്വാഭാവികമായും രൂപയുടെ മേല്‍ കനത്ത ആഘാതം ഏല്‍പ്പിക്കും.

സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുകയും ധനക്കമ്മി കുറച്ചുകൊണ്ടുവരികയും ചെയ്യുന്നതിനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളാത്തതിനാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളിലുള്ള നിക്ഷേപം പെട്ടെന്ന് വിറ്റുമാറുകയാണ്. ആഗോളതലത്തില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ വില കുറയുകയും കയറ്റുമതിമേഖല തളരുകയും ചെയ്യുകയാണ്. ഇറക്കുമതിക്കാരാകട്ടെ രൂപ ദുര്‍ബലമാകുകയും ഡോളര്‍ കരുത്താര്‍ജിക്കുകയും ചെയ്യുമെന്നു കരുതി ഇന്ത്യന്‍ കറന്‍സി വിറ്റഴിച്ച് ഡോളര്‍ വാങ്ങി ശേഖരിക്കുന്നു. ഇതു വീണ്ടും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. രൂപയുടെ വില പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ നടപടി എടുത്തിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമായി പ്രയോജനം ചെയ്തിട്ടില്ല. രൂപയുടെ ഭാവി നിര്‍ണയിക്കുന്നത് പല കാര്യങ്ങളാണ്. റിസര്‍വ് ബാങ്ക് ഇടപെടല്‍മൂലം വന്‍തോതില്‍ റുപ്പി ഇടിയുന്നതു തടയാന്‍ സഹായിക്കും. എന്നാല്‍ വിലവ്യത്യാസങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കുമെന്നു തോന്നുന്നില്ല. ആഗോളതലത്തിലെ പ്രശ്നങ്ങള്‍ തുടരുകയും, വിദേശനിക്ഷേപം പിന്‍വലിക്കല്‍ തുടരുകയും, കയറ്റുമതി കൂടാതിരിക്കുകയും ചെയ്താല്‍ ഇപ്പോഴത്തെ ഈ വിലത്തകര്‍ച്ച തുടരാനാണ് സാധ്യത. ഉയരുന്ന ക്രൂഡോയില്‍ വിലയാണ് മറ്റൊരു വെല്ലുവിളി. സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നതു സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്ന ഏതു നടപടിയോ, തീരുമാനമോ ഇന്ത്യന്‍ രൂപയ്ക്ക് ഗുണകരമാകും.

No comments:

Post a Comment