Friday, May 4, 2012

വിദ്യാഭ്യാസ വായ്പ: മാനേജ്‌മെന്‍റ് സീറ്റിനു നിബന്ധന വരുന്നു


മാനേജ്‌മെന്‍റ് സീറ്റുകളില്‍ പ്രവേശനംനേടുന്ന വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വായ്പയ്ക്ക് ഈട് നല്‍കണമെന്ന നിബന്ധന വരുന്നു. വാണിജ്യബാങ്കുകളുടെ ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. അന്തിമതീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടായേക്കും. നാലുലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഈടുനല്‍കേണ്ടതിലെ്ലന്ന നിലവിലെ വ്യവസ്ഥ ജനറല്‍ സീറ്റുകള്‍ക്കുമാത്രമായി പരിമിതപ്പെടുത്താനാണു നിര്‍ദേശം. മാനേജ്‌മെന്‍റ് സീറ്റുകളിലാണു പ്രവേശനമെങ്കില്‍ നാലുലക്ഷത്തില്‍ താഴെ വായ്പയ്ക്കും കൃത്യമായ ഈടു നല്‍കേണ്ടി വരും. ജനറല്‍ സീറ്റില്‍ ഉള്‍പ്പെടെ നാലുലക്ഷത്തിനു മുകളിലാണെങ്കില്‍ ആള്‍ജാമ്യം തുടങ്ങിയ ഈടുനല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കും. അംഗീകൃത കോഴ്സുകളിലേക്കു മെറിറ്റ് അടിസ്ഥാനത്തില്‍ അര്‍ഹതനേടിയവര്‍ക്കു വായ്പ നല്‍കുമെന്നും വിദൂരവിദ്യാഭ്യാസത്തിനു വായ്പ അനുവദിക്കിലെ്ലന്നുമുള്ള വ്യവസ്ഥ നിലനില്‍ക്കും. പ്രവേശനം മുതല്‍ പരീക്ഷാഫീസ് വരെയുള്ളവ വായ്പയ്ക്കായി പരിഗണിക്കും. സാധാരണക്കാരായ വിദ്യാര്‍ഥികളെ ബാധിക്കിലെ്ലന്നു കണ്ടാണു മാനേജ്‌മെന്‍റ് സീറ്റുകള്‍ക്ക് ഈട് നല്‍കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തുന്നതെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. അതേസമയം, 2003-09 കാലത്തെ വിദ്യാഭ്യാസവായ്പയുടെ പലിശബാധ്യത ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍പ്രഖ്യാപനം എന്നു നടപ്പാകുമെന്നകാര്യം തീരുമാനമായിട്ടില്ല. 500 കോടിയിലധികം രൂപയാണ് ഈ ഇനത്തില്‍ ബാങ്കുകള്‍ക്കു കുടിശികയുള്ളത്. ഇത്രയും തുക സര്‍ക്കാരിനു പെട്ടെന്നു തിരിച്ചടയ്ക്കാനാവില്ല. ഈ അവസരത്തില്‍ പലിശ കുടിശിക കുറയ്ക്കണമെന്നു മന്ത്രി കെ.എം. മാണി ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. വിവിധ ബാങ്കുകളില്‍നിന്നു 2003 മുതല്‍ നല്‍കിയ വിദ്യാഭ്യാസ വായ്പകളുടെ പലിശയായതിനാല്‍ പലിശ കുറച്ചുനല്‍കുന്നതും എളുപ്പമാവില്ല. ബാങ്കുകളുടെ നയം വ്യത്യസ്തമായതുകൊണ്ടും പലിശ അധികമായതുകൊണ്ടും പലിശകുറയ്ക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്.

No comments:

Post a Comment