Monday, May 21, 2012

അമേരിക്കയില്‍ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതിക്ക് സമ്മര്‍ദമേറുന്നു


ഇന്ത്യയിലേക്കുള്ള കോഴിയിറച്ചി ഇറക്കുമതി പുനരാരംഭിക്കാന്‍ അമേരിക്കന്‍ വാണിജ്യ മന്ത്രാലയം സമ്മര്‍ദ്ദം ശക്തമാക്കുന്നു. 2007 ഫിബ്രവരി മുതലാണ് അമേരിക്കയില്‍ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുന്നത്. 2000ത്തിന്റെ ആദ്യം അമേരിക്കയില്‍ നിന്നുള്ള കോഴിക്കാല്‍ ഇറക്കുമതി ഇന്ത്യന്‍ കോഴിവളര്‍ത്തല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു.

കോഴിക്കാലില്‍ ഗുണമേന്മ കുറഞ്ഞ കൊളസ്‌ട്രോള്‍ കൂടുതലാണെന്ന കാരണത്താല്‍ അമേരിക്കയില്‍ ഇതിനുള്ള ഡിമാന്‍ഡ് കുറയുകയായിരുന്നു. അതിനാല്‍ കുറഞ്ഞ വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഇവ ഇറക്കുമതി ചെയ്തിരുന്നു. ഇത് ഇന്ത്യന്‍ കോഴിവ്യവസായത്തെ പ്രതികൂലമായി ബാധിച്ചതോടെ 100ശതമാനം തീരുവ ചുമത്തി ഇറക്കുമതി തടയാന്‍ വാണിജ്യ മന്ത്രാലയം നടപടി എടുക്കുകയായിരുന്നു. എന്നാല്‍ മൂന്നാം ലോകരാഷ്ട്രങ്ങള്‍ വഴി കോഴിക്കാല്‍ ഇറക്കുമതി ചെയ്ത് ഉത്പന്നങ്ങളാക്കി നിര്‍ബാധം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നുണ്ടെന്നത് തീര്‍ത്തും അത്ഭുതകരമായ വസ്തുതയാണ്.

470 കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യന്‍ വിപണിയെ സംരക്ഷിക്കാനായി കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ചതും, 104 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതും ആഭ്യന്തര വിപണിയില്‍ കോഴിവളര്‍ത്തല്‍ ലാഭകരമാക്കാന്‍ സഹായിച്ചിട്ടുണ്ട്.

എന്നാല്‍ ലോകവ്യാപാര കരാര്‍ അനുസരിച്ച് അംഗരാജ്യങ്ങള്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതോടൊപ്പം ഇറക്കുമതി അംഗീകരിക്കേണ്ടതുമുണ്ട്. ഈ നിബന്ധനകള്‍ ഇപ്പോള്‍ പാലിക്കുന്നില്ലെന്ന കാരണത്താല്‍ അമേരിക്കന്‍ വാണിജ്യ മന്ത്രാലയം ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ)യെ സമീപിച്ചിരിക്കുകയാണ്. ഗുണമേന്മ, ഭക്ഷ്യ സുരക്ഷിതത്വം എന്നിവയില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ് അമേരിക്കന്‍ കോഴി ഉത്പന്നങ്ങള്‍. അതിനാല്‍ തന്നെ ഇന്ത്യയിലേക്കുള്ള ഇവയുടെ ഇറക്കുമതിയ്ക്ക് ലോക വ്യാപാര സംഘടന സഹായിക്കുമെന്നാണ് അമേരിക്കന്‍ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. ഏവിയന്‍ ഇന്‍ഫ്ലുവെന്‍സ(പക്ഷിപ്പനി) നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിച്ചു വരുന്നതായും അവര്‍ അവകാശപ്പെടുന്നു.പക്ഷെ അമേരിക്കയില്‍ നിന്നുള്ള കോഴിയിറച്ചി, മുട്ട മറ്റുത്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി ഇന്ത്യന്‍ കോഴി വ്യവസായ മേഖലയെ തളര്‍ത്താനേ ഉപകരിക്കൂ. ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന കോഴിഫാമുകള്‍, സംസ്‌കരണ യൂണിറ്റുകള്‍ എന്നിവയെ ഇത് പ്രതികൂലമായി ബാധിച്ചേക്കും.

ബ്രസീലും മെക്‌സിക്കോയും ഇന്ത്യയിലേക്കുള്ള കോഴിയിറച്ചി കയറ്റുമതി ലക്ഷ്യമിട്ട് കാത്തിരിക്കുന്ന അവസരത്തില്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി മൊത്തം ആഭ്യന്തര വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഈ രംഗത്തുള്ള ഇവരുടെ വിലയിരുത്തല്‍. ഇന്ന് കോഴിമുട്ട, കോഴിയിറച്ചി ഉത്പാദനത്തില്‍ ഇന്ത്യക്ക്ആഗോളതലത്തില്‍ യഥാക്രമം മൂന്നും അഞ്ചും സ്ഥാനമാണുള്ളത്.

No comments:

Post a Comment