ഇന്ത്യാ ടുഡേ മാസികയുടെയും ആജ്തക് ചാനലിന്റെയും നടത്തിപ്പുകാരായ ലിവിങ് മീഡിയ ഇന്ത്യയില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള ഓഹരി വാങ്ങി. നിരവധി പ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പുകാരായ ലിവിങ് മീഡിയയിലെ ഓഹരി പങ്കാളിത്തത്തിനായി ബിര്‍ള സ്വന്തം പണമായിരിക്കും ചെലവിടുകയെന്നും അറിയുന്നു. എന്നാല്‍, എത്ര പണമാണ് ഇതിനായി ചെലവിട്ടതെന്ന് വ്യക്തമല്ല.
ബിര്‍ള നിക്ഷേപിച്ച തുക 600 കോടി രൂപ മുതല്‍ 700 കോടി രൂപ വരെയാണെന്ന് അഭ്യൂഹങ്ങളുണ്ട്. മാധ്യമ രംഗത്ത് ഒരു നിക്ഷേപകന്‍ നടത്തുന്ന രണ്ടാമത് വലിയ നിക്ഷേപമായിരിക്കും ഇതെന്നാണ് കണക്കാക്കുന്നത്. സി.എന്‍.ബി.സി. ചാനല്‍ നടത്തിപ്പുകാരായ നെറ്റ്‌വര്‍ക് 18-ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയ 1,500 കോടി രൂപയുടെ നിക്ഷേപമാണ് ഒന്നാം സ്ഥാനത്ത്.
അരുണ്‍ പുരിയുടെ നേതൃത്വത്തിലുള്ള ടി.വി. ടുഡേ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതാണെങ്കിലും പൊതു നിക്ഷേപകരില്‍ നിന്ന് ഓഹരി വാങ്ങുന്നതിനായി ബിര്‍ള ഗ്രൂപ്പിന് ഓപ്പണ്‍ ഓഫര്‍ മുന്നോട്ട് വെയ്‌ക്കേണ്ടി വരുമോ എന്ന് വ്യക്തമല്ല.
ഓഹരി വാങ്ങുന്നതോടെ ഒരു മാധ്യമ സ്ഥാപനത്തില്‍ നിക്ഷേപിക്കുകയെന്ന ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമാവുന്നതെന്ന് ബിര്‍ള വ്യക്തമാക്കി. മാധ്യമ രംഗം ഏറെ നിക്ഷേപ സാധ്യതയുള്ള മേഖലയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ രംഗത്തേക്ക് ചുവടുവെയ്ക്കുന്നതിനായി ബിര്‍ള നേരത്തെ ടി.വി., സിനിമ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിരുന്നു. 'ബ്ലാക്ക്' എന്ന സിനിമ നിര്‍മിച്ചെങ്കിലും ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2009-ല്‍ കമ്പനി അടച്ചുപൂട്ടി.
ബിര്‍ള നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് രാജ്യത്ത് സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ലിവിങ് മീഡിയയുടെ ലക്ഷ്യം. ഡല്‍ഹിയില്‍ പ്രചാരത്തിലുള്ള മെയില്‍ ടുഡേ എന്ന ടാബ്ലോയിഡ് മുംബൈ അടക്കമുള്ള മറ്റ് മെട്രോകളില്‍ കൂടി പുറത്തിറക്കാന്‍ പദ്ധതിയുള്ളതായി ലിവിങ് മീഡിയ അറിയിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്‍റ് ബാങ്കിങ് കമ്പനി അംബിറ്റ് കോര്‍പ്പറേഷനാണ് ഇടപാടിന് നേതൃത്വം നല്‍കിയത്.
No comments:
Post a Comment