Thursday, May 3, 2012

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ലാഭത്തില്‍ വന്‍കുതിപ്പ്


പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ലാഭത്തില്‍ വന്‍വര്‍ധന. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 387 കോടി രൂപയുടെ ലാഭമാണ് യു.ഐ.ഐ. കൈവരിച്ചത്. നികുതി അടച്ചതിനുശേഷമുള്ള ലാഭമാണിത്. തൊട്ടുതലേ വര്‍ഷം ഇത് 130.54 കോടി രൂപയായിരുന്നു. 8, 179 കോടി രൂപയുടെ മൊത്തം വരുമാനമാണ് യു.ഐ.ഐ. ക്ക് 2011-12 ലുണ്ടായത്. തൊട്ടുതലേ വര്‍ഷത്തേക്കാള്‍ 1,802 കോടി രൂപയുടെ വര്‍ധനയാണിതെന്ന് ചെന്നൈയില്‍ ബുധനാഴ്ച നടത്തിയ പത്ര സമ്മേളനത്തില്‍ ചെയര്‍മാന്‍ ജി. ശ്രീനിവാസന്‍ പറഞ്ഞു. 52 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്‍ഷുറന്‍സ് അവകാശവാദങ്ങള്‍ 2010-11ല്‍ 94.36 ശതമാനമായിരുന്നെങ്കില്‍ ഇക്കുറി അത് 88.50 ശതമാനമായി കുറയ്ക്കാനായെന്ന് ശ്രീനിവാസന്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിലും കാര്യമായ കുറവുണ്ടായി. ഇതു രണ്ടും ലാഭവിഹിതം കൂട്ടുന്നതില്‍ പങ്കുവഹിച്ചു. മൊത്തം 16,900 ജീവനക്കാരാണ് യു.ഐ.ഐ.യിലുള്ളത്. കഴിഞ്ഞവര്‍ഷം 400 പേര്‍ വിരമിച്ചപ്പോള്‍ 350 പേരെ പുതുതായി നിയമിച്ചു. അടുത്ത മാര്‍ച്ചിനുള്ളില്‍ 500 പേരെക്കൂടി പുതുതായി നിയമിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

തമിഴ്‌നാട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പങ്കാളിയായത് കമ്പനിക്ക് നേട്ടമുണ്ടാക്കുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഈ വര്‍ഷം 160 കോടി രൂപയാണ് ഈ പദ്ധതിയുടെ കീഴില്‍ പ്രീമിയമായി ലഭിക്കുക. മൊത്തം 41,000 പേര്‍ക്കാണ് ഇതുവരെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുള്ളത്. 105 കോടി രൂപയാണ് ഈയിനത്തില്‍ കൊടുത്തിട്ടുള്ളത്. കമ്പനിയുടെ വിപണി പങ്കാളിത്തം 14.46 ശതമാനത്തില്‍ നിന്ന് 14.93 ശതമാനമായി ഉയര്‍ന്നു.

No comments:

Post a Comment