Monday, May 21, 2012

ചെക്ക് വഴി ഇനി പണം റോക്കറ്റ് വേഗത്തില്‍


ചെക്ക് വഴി ഇനി പണം വേഗത്തില്‍ ലഭ്യമാക്കാനുള്ള സംവിധാനം ജൂണ്‍ 30 നകം നടപ്പിലാകുന്നു. ഡല്‍ഹി, മുംബൈ എന്നീ വന്‍ നഗരങ്ങളില്‍ മാത്രം നിലവില്‍ നടപ്പാക്കിയിട്ടുള്ള സൗകര്യമാണ് ദക്ഷിണേന്ത്യയിലും യാഥാര്‍ത്ഥ്യമാകുന്നത്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ കൈകാര്യം ചെയ്യുന്ന ചെക്ക് ട്രങ്കേഷന്‍ (*സവരക്ഷ റിുൃരമറഹ്ൃ) സംവിധാനം നിലവില്‍ വരുന്നതോടെ ബാങ്കുകള്‍ക്കും ഉപഭോക്താക്കള്‍ക്കും അത് ഒരുപോലെ പ്രയോജനമാകും.

എ.ടി.എം. കാര്‍ഡുകള്‍ നാട്ടില്‍ തരംഗം സൃഷ്ടിച്ചുകഴിഞ്ഞു. ചെക്കിന്റെ കാര്യത്തിലെ കാലതാമസം മാറി ഇനി റോക്കറ്റ്‌വേഗത്തിലാകുന്നത് ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമാകും.

നിലവില്‍ ഒരു ബാങ്കിലെത്തുന്ന ചെക്ക് മറ്റു ബാങ്കുകളിലേതാണെങ്കില്‍ അവിടേക്കയച്ച് ക്ലിയറന്‍സിനു ശേഷം പണമിടപാടു നടത്തുന്ന രീതിയാണ്. ഇതിന് സമയമെടുക്കുന്നു. ഈ രീതി മാറി ഇനി മുതല്‍ ബാങ്കുകളില്‍ നിന്നും ചെക്കുകള്‍ സ്‌കാന്‍ ചെയ്ത് ചെന്നൈയിലെ 'സെന്‍ട്രല്‍ ക്ലിയറിങ് സെന്ററി'ലേക്ക് കമ്പ്യൂട്ടറില്‍ അയയ്ക്കുന്ന രീതിയാണ് വരുന്നത്. ചെന്നൈയിലെ കേന്ദ്രത്തില്‍ ലഭിച്ചു കഴിഞ്ഞാലുടന്‍ അതത് ക്ലിയറിങ് ബാങ്കുകളിലേക്ക് സ്‌കാന്‍ ചെയ്ത ഇമേജ് അയച്ചു കൊടുക്കാനാകും. ഫലത്തില്‍ രണ്ട് പ്രക്രിയകളും ഞൊടിയിടയില്‍ നടക്കും. അതായത് ബാങ്കുകളില്‍ ലഭിക്കുന്ന ചെക്കുകള്‍ ഇനി മറ്റു ബാങ്കുകളിലേക്ക് നേരിട്ട് അയയ്ക്കില്ല. പകരം കമ്പ്യൂട്ടറിലൂടെ സ്‌കാന്‍ ചെയ്ത് അയയ്ക്കുകയേ ഉള്ളൂ. ചെക്കുകള്‍ ഇനി അതത് ബാങ്കുകളില്‍ തന്നെ സൂക്ഷിക്കും.

നിലവില്‍ കോര്‍ ബാങ്കിങ് സംവിധാനമുള്ള ബാങ്കുകളില്‍ മാത്രമേ ഈ സംവിധാനം നടപ്പിലാകൂ. ഇതിനകം ഭൂരിപക്ഷം ബാങ്കുകളും കോര്‍ ബാങ്കിങ്ങിലായതോടെ ചെക്ക് ട്രങ്കേഷന്‍ വ്യാപകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ അതത് പ്രദേശത്തില്‍ ക്ലിയറിങ് ബാങ്കുകള്‍ വഴിയാണ് ചെക്കുകള്‍ കൈമാറുന്നത്. ഈ സംവിധാനം ജൂണ്‍ 30 നകം അവസാനിപ്പിക്കാനാണ് തീരുമാനം. ഒറ്റപ്പെട്ട സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കാണ് പുതിയ സംവിധാനത്തിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക.മനുഷ്യാധ്വാനം കുറച്ച് മെഷീന്‍ വഴി ഇടപാടുകള്‍ വേഗത്തിലാക്കാനുള്ള പ്രക്രിയയിലേക്ക് ബാങ്കിങ് മേഖല കുതിക്കുകയാണ്. ചെക്ക് ലഭിച്ചാല്‍ 'ക്ലിയറിങ്ങിനായി' ദിവസങ്ങള്‍ കാത്തുനില്‍ക്കേണ്ടിവരുന്നത് ഇനി പഴങ്കഥയാകും.

No comments:

Post a Comment