ഈ വിപദ്സന്ധിയെ നേരിടാന്‍ സര്‍ക്കാറോ റിസര്‍വ് ബാങ്കോ കളത്തിലിറങ്ങിയിട്ടില്ലെങ്കിലും വേണ്ടിവന്നാല്‍ അറ്റകൈ പ്രയോഗത്തിന് മടിക്കില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതികരിച്ചതിന്‍െറ പൊരുള്‍ തേടുകയാണ് ആകാംക്ഷാപൂര്‍വം വ്യവസായ-വാണിജ്യ മേഖല. തീര്‍ത്തും നമ്മുടേതല്ലാത്ത കാരണങ്ങളാലാണ് ഇപ്പോള്‍ രൂപ വീണുകിടക്കുന്നതെന്ന് ധനമന്ത്രിയും സാമ്പത്തിക വിദഗ്ധരും ഏതാണ്ട് ഏകസ്വരത്തില്‍ പറയുന്നുണ്ടെങ്കിലും ആഘാതം എത്രനാളത്തേക്ക് എന്നോ എത്രവരെ എന്നോ അറുത്തുമുറിച്ചു പറയാന്‍ ആര്‍ക്കും ധൈര്യംപോരാ. എന്നുമാത്രമല്ല, സാഹചര്യം വിലയിരുത്തുമ്പോള്‍ അശുഭ സൂചനകളാണ് തെളിഞ്ഞുവരുന്നത്. ഉരുണ്ടുകൂടിക്കിടക്കുന്ന കാര്‍മേഘങ്ങള്‍ പെട്ടെന്ന് അകന്നുപോകാന്‍ സാധ്യത വിരളം എന്നാണ് അവരുടെ മുഖലക്ഷണം പറയുന്നത്.
ഗ്രീസില്‍ പൊട്ടിമുളച്ച പ്രതിസന്ധി അതുള്‍ക്കൊള്ളുന്ന യൂറോ സോണിനെയാകെ ബാധിച്ചതിന്‍െറ പ്രത്യാഘാതമാണ് ഇന്ത്യന്‍ രൂപയും അനുഭവിക്കുന്നതെന്ന ന്യായം കുറിക്കുകൊള്ളുന്നതുതന്നെ. ആഗോളീകരണത്തിന്‍േറതായ ഇക്കാലത്ത് ഏതെങ്കിലും ഒരിടത്ത് ഉടലെടുക്കുന്ന ഇത്തരം പ്രശ്നങ്ങളുടെ പ്രതിധ്വനി അവിടെ മാത്രം ഒതുങ്ങിക്കൂടിക്കൊള്ളണമെന്നില്ല എന്ന അവകാശവാദത്തിനുമുണ്ട് അതിന്‍േറതായ വിലയും നിലയും. ആ നിലക്ക് യൂറോപ്പ് മുറിച്ചുകടന്ന് ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യാ വന്‍കരയെ ആകമാനം വ്യത്യസ്ത അളവില്‍ അലട്ടിക്കൊണ്ടിരിക്കുകയാണ് മൂല്യത്തകര്‍ച്ച എങ്കില്‍ ഗ്രീസിലെ പ്രശ്നം ഇന്നലെ പൊടുന്നനെ ഉണ്ടായതല്ലെന്ന വസ്തുത മറച്ചുപിടിക്കാനാവില്ല. ഇതെല്ലാം മുന്‍കൂട്ടിക്കണ്ട് പ്രശ്നം കടന്നുവരുന്ന വഴി അടക്കാനുള്ള അടവുതെറ്റാത്ത തന്ത്രങ്ങള്‍ പയറ്റിയില്ല എന്നല്ലേ ഇത് തെളിയിക്കുന്നത്. ഇടക്കാലത്ത് പ്രയോഗിച്ച ചില വിദ്യകള്‍ ചെപ്പടിവിദ്യയായി പരിണമിച്ചുവെന്ന് പറയുകയാവും ഭേദം.
രൂപയുടെ ഓരോ പോയന്‍റ് പിന്നോട്ടടിക്കും ബഹുമുഖമായ പ്രത്യഘാതങ്ങളുണ്ടെന്ന് ഇന്ന് കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. നേര്‍ക്കുനേരെ അത് ചെന്നുതറക്കുന്നത് എണ്ണക്കമ്പനികളുടെ നെഞ്ചത്താണ്. ഇത്ര കനത്ത ഒരു വിലയിടിവ് അവരെ എരിപൊരികൊള്ളിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ലക്ഷത്തില്‍ ചില്ലാനം കോടിയുടെ നഷ്ടക്കണക്കാണ് അവര്‍ നിരത്തിക്കൊണ്ടിരിക്കുന്നത്. നേരത്തേതന്നെ ഇന്ധനവില വര്‍ധനക്ക് മന്ത്രിച്ചുകൊണ്ടിരിക്കുന്ന അവരില്‍നിന്ന് ഇനി മുറവിളി ഉയരുക സ്വാഭാവികം മാത്രം. പാര്‍ലമെന്‍റിന്‍െറ നടപ്പുസമ്മേളനം അവസാനിക്കേണ്ട താമസം പാചകവാതകം, ഡീസല്‍, പെട്രോള്‍ എന്നിവയുടെയെല്ലാം വില കനത്ത തോതില്‍ വര്‍ധിപ്പിക്കുമെന്നാണ് മനസ്സിലാവുന്നത്.
ഇതിന്‍െറ അനന്തരഫലം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇങ്ങനെ അടിക്കടി പെട്രോളിയം ഉല്‍പന്ന വില വര്‍ധിപ്പിക്കേണ്ടിവരുന്നതാണ് നമ്മുടെ സമ്പദ്വ്യവസ്ഥയുടെ മുഖ്യശാപങ്ങളില്‍ ഒന്ന്. ആ ദുരവസ്ഥ മറികടക്കാന്‍ പറ്റുന്ന പ്രായോഗിക നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിന്‍േറതാണ്. തുല്യഗൗരവമര്‍ഹിക്കുന്നതാണ് എണ്ണ ഇറക്കുമതിയില്‍ നാം കൈക്കൊണ്ടിരിക്കുന്ന ഒടുക്കത്തെ സമീപനം. ഏറ്റവും കുറഞ്ഞ നിരക്കില്‍ എണ്ണ നല്‍കിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇറാന്‍. ഖേദകരമെന്ന് പറയട്ടെ അങ്കിള്‍സാമിന്‍െറ കണ്ണുരുട്ടല്‍ കണ്ടുപേടിച്ച് ആ പേര്‍ഷ്യന്‍ രാജ്യത്തുനിന്നുള്ള ഇറക്കുമതിയില്‍ 11 ശതമാനത്തോളം കുറവുവരുത്തിയിരിക്കയാണ് നാം. ആഭ്യന്തര ഉപയോഗത്തിന്‍െറ 80 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ അന്ധമായ അമേരിക്കന്‍ വിധേയത്വത്തിന്‍െറ ഭാരമാണ് ഓരോ ഇന്ത്യക്കാരനും അവനിച്ഛിക്കാതെ വഹിക്കേണ്ടി വരുന്നതെന്ന് സാരം.
ഒഴിവാക്കാമായിരുന്ന ഒരു പ്രതിസന്ധി എന്നേ പറയാനുള്ളൂ.
ഇതുകൊണ്ടൊന്നും കരകയറാന്‍ പറ്റുന്നേടത്തല്ല ഇന്ത്യന്‍ രൂപ വീണുകിടക്കുന്നത്. ഒന്നുകില്‍ രൂപയെ ബലപ്പെടുത്തി പൂര്‍വപ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതി ആവിഷ്കരിക്കുക. അതല്ലെങ്കില്‍ ഡോളറുമായുള്ള കെട്ടുബന്ധത്തില്‍നിന്ന് രൂപയെ മോചിപ്പിക്കാനുള്ള ആര്‍ജവം കാണിക്കുക. അതല്ലാത്തിടത്തോളം നമ്മുടെ പണം വീണുകൊണ്ടേയിരിക്കും. കുഴിയില്‍നിന്ന് പടുകുഴിയിലേക്ക്. അരക്കാശിന് വിലയില്ലാത്തിടത്തോളം അത് തുടര്‍ന്നുകൊണ്ടേയിരിക്കും
.
അഞ്ചുവര്‍ഷം മുമ്പ് 35 രൂപ കൊടുത്താല്‍ കിട്ടുമായിരുന്ന ഡോളര്‍ ക്രമപ്രവൃദ്ധമായി ചുവടുവെച്ച് ഏതാണ്ട് 45 രൂപ എന്ന നിരക്കിന്‍െറ ചുറ്റുവട്ടത്ത് കറങ്ങിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചുകാലത്തേക്കെങ്കിലും പിടിച്ചുനില്‍ക്കാന്‍ നമുക്കായിരുന്നു. ഇതിനിടെ കഴിഞ്ഞ ആഗസ്റ്റിലാണ് സ്ഥിതി പെട്ടെന്ന് വഷളായി 50-51 രൂപയില്‍ ചെന്നുനിന്നത്. അതിന്‍െറ ആഘാതം ഇന്നാട്ടുകാര്‍ നല്ലവണ്ണം രുചിച്ചതറിഞ്ഞതുമാണ്. ഇന്ധനവില കൂട്ടേണ്ടിവന്നു. നാണയപ്പെരുപ്പം ഉണ്ടായി, വിലക്കയറ്റം വ്യാപകമായി. ഇതെല്ലാം ഒരു ദു$സ്വപ്നമായി ശരാശരി ഇന്ത്യക്കാരനെ വേട്ടയാടിക്കൊണ്ടിരിക്കവെയാണ് ഞൊടിയിടയില്‍ രൂപ കൂപ്പുകുത്തി നിലവിലെ ദയനീയാവസ്ഥയിലെത്തിയിരിക്കുന്നത്.
No comments:
Post a Comment