Saturday, May 5, 2012

56 ലക്ഷത്തിന്റെ തിരിമറി: ഒളിവില്‍ പോയ ബാങ്ക് മാനേജര്‍ പിടിയില്‍


ദേശസാത്കൃത ബാങ്കിലെ അക്കൗണ്ടുകളില്‍ നിന്ന് ഇടപാടുകാരറിയാതെ 56 ലക്ഷം രൂപ തിരിമറി നടത്തി വിദേശത്തേക്ക് കടന്ന കേസില്‍ ബാങ്ക് ജീവനക്കാരി ഒരു വര്‍ഷത്തിനു ശേഷം പിടിയിലായി.

ഇടപ്പള്ളി നേതാജി റോഡ് പോളച്ചിറക്കല്‍ വീട്ടില്‍ ചാന്ദിനി (57) യെയാണ് ആലുവ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. സി. ആര്‍. രാജസുന്ദരം അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഒരു ദേശസാത്കൃത ബാങ്കിന്റെ പെരുമ്പാവൂര്‍ ശാഖയില്‍ അസി. മാനേജരായിരിക്കുമ്പോള്‍ പ്രതി ഏഴ് നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയെടുത്തു എന്നാണ് കേസ്.

വര്‍ഷങ്ങളോളം ഇടപാടുകള്‍ നടത്താതിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ ഒരു ദന്ത ഡോക്ടറുടെ അക്കൗണ്ടില്‍ നിന്നുമാണ് ആദ്യം പണം തട്ടിയത്. ചെക്ക്‌ലീഫില്‍ വ്യാജ ഒപ്പിട്ട് എഴര ലക്ഷം രൂപ പ്രതിയുടെ മകന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയെന്ന് പോലീസ് പറഞ്ഞു. ആറുപേരുടെ സേവിങ്‌സ് അക്കൗണ്ടിലെ തുക സ്ഥിരനിക്ഷേപമാക്കി മാറ്റിയശേഷം അതിന്റെ രസീത് അവരുടെ പേരുകളില്‍ തന്നെ പണയപ്പെടുത്തി വായ്പ എടുക്കുകയും ചെയ്തു. ഇതിനുള്ള അപേക്ഷ എല്ലാം ഇവര്‍ തന്നെ കൃത്രിമമായി ഉണ്ടാക്കി. 2008 മുതല്‍ 2011 ജനവരി വരെയുള്ള കാലയളവിലാണ് ഈ തിരിമറിയെല്ലാം നടത്തിയത്.

തിരിമറി ഓഡിറ്റിങ്ങിലാണ് വ്യക്തമായത്. തുടര്‍ന്ന് ജീവനക്കാരിയെ ബാങ്കില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നു. പിന്നീട് അന്വേഷണത്തിനായി നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി.ക്ക് കേസ് കൈമാറുകയായിരുന്നു. പ്രതി വിദേശത്തു നിന്ന് നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപമുള്ള എ.ടി.എം. കൗണ്ടറില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

No comments:

Post a Comment