Saturday, May 5, 2012

ടി.ഡി.എസ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍


ജീവനക്കാരില്‍ നിന്നും പിടിക്കുന്ന ടി.ഡി.എസ് തുകകള്‍ ഒന്നിച്ചായിരിക്കും നിശ്ചിത തീയതിക്കുള്ളില്‍ തൊഴിലുടമ കേന്ദ്ര ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് അടക്കുന്നത്. ഇങ്ങനെ മൊത്തം അടവു നടത്തിയ തുകകള്‍ ഏതൊക്കെ ജീവനക്കാരന്റേതാണ് എന്നുള്ള വിവരം ഓരോരുത്തരുടെയും 'പാന്‍' നെ ആധാരമാക്കി സര്‍ക്കാരിനെ അറിയിക്കുന്നതിലേക്കായി ത്രൈമാസിക റിട്ടേണ്‍ ഫോം നമ്പര്‍ 24 ക്യു വില്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ മാത്രമെ ഓരോ ജീവനക്കാരനും അവരവരില്‍ നിന്നും പിടിച്ച ടി.ഡി.എസ്. തുകയ്ക്ക് ക്രെഡിറ്റ് ലഭിക്കുകയുള്ളു. സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 30, സെപ്തംബര്‍ 30, ഡിസംബര്‍ 31, മാര്‍ച്ച് 31 എന്നീ കാലയളവുകളിലേക്കുള്ള ടി.ഡി.എസ്. റിട്ടേണ്‍ ആദ്യത്തെ മൂന്ന് ത്രൈമാസങ്ങള്‍ക്ക്(ജൂണ്‍ 30, സെപ്തംബര്‍ 30, ഡിസംബര്‍ 31) ശേഷം വരുന്ന ജൂലായ് 15, ഒക്ടോബര്‍ 15, ജനുവരി 15 എന്നീ തീയതികള്‍ക്കുള്ളില്‍ സമര്‍പ്പിച്ചിരിക്കണം. എന്നാല്‍ മാര്‍ച്ച് 31ല്‍ അവസാനിച്ച ത്രൈമാസത്തിന്റെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി പിന്നീട് വരുന്ന മെയ് 15 ആണ്. മേല്‍പറഞ്ഞ റിട്ടേണുകള്‍ നേരിട്ടോ(filing) ഇലക്‌ട്രോണിക്കായിട്ടോ (e filing) സമര്‍പ്പിക്കാം. ഈ റിട്ടേണുകളോടൊപ്പം ഫോം നമ്പര്‍ 27 എയില്‍ ഒരു ഡിക്ലറേഷന്‍ കൂടി സമര്‍പ്പിച്ചിരിക്കണം.താഴെപ്പറയുന്ന ഗണങ്ങളില്‍പ്പെട്ട ടി.ഡി.എസ്. പിടിക്കാന്‍ ബാദ്ധ്യതയുള്ളവര്‍ (Deductors) നിര്‍ബന്ധമായിട്ടും ഇലക്‌ട്രോണിക്കായി റിട്ടേണുകള്‍ സമര്‍പ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

1) സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

2) കമ്പനികള്‍

3) ആദായ നികുതി നിയമത്തിലെ 44എബി എന്ന വകുപ്പ് പ്രകാരം 'ടാക്‌സ് ഓഡിറ്റ്' നിര്‍ബന്ധമായിട്ടുള്ളവര്‍

4) സാമ്പത്തിക വര്‍ഷത്തിലെ ഏതെങ്കിലും ഒരു ക്വാര്‍ട്ടറില്‍ ടി.ഡി.എസി.ന് വിധേയരായിട്ടുള്ളവരുടെ എണ്ണം ഇരുപതെ അതില്‍ കൂടുതലോ ആയിട്ടുള്ളപ്പോള്‍.

ടി.ഡി.എസ്. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യതയുണ്ടായിട്ടും നിശ്ചിത സമയത്തിനുള്ളില്‍ അവ സമര്‍പ്പിക്കാത്തപക്ഷം ഓരോ ദിവസവും 100 രൂപ വീതം ആദായനികുതി നിയമത്തിലെ വകുപ്പ് 272എ(2)(കെ) പ്രകാരം പിഴ നല്‍കേണ്ടിവന്നേക്കാം. എന്നാല്‍ മൊത്തം ടി.ഡി.എസ്. ബാധ്യതയേക്കാള്‍ ഈ പിഴ കൂടാന്‍ പാടില്ല എന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. ടി.ഡി.എസ്. റിട്ടേണുകള്‍ തൊഴിലുടമ സമര്‍പ്പിക്കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1) തൊഴിലുടമയുടെ (Tax Deduction Account Number) കൃത്യമായി നല്‍കിയിരിക്കണം.

2) തൊഴിലുടമയുടെ (Permanent Account Number) രേഖപ്പെടുത്തണം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളടക്കമുള്ള ഗവണ്‍മെന്റ് ഓഫീസുകള്‍ ''PAN NOT REQD' എന്ന്‌രേഖപ്പെടുത്തിയാല്‍ മതിയാകും.

3) ടി.ഡി.എസി.ന് വിധേയരായ എല്ലാ ജീവനക്കാരുടെയും 'പാന്‍' തെറ്റില്ലാതെ രേഖപ്പെടുത്തണം. ഇതില്‍ തെറ്റുവരുത്തിയാല്‍ ബന്ധപ്പെട്ട ജീവനക്കാരന് ടി.ഡിഎസ്-ന്റെ ക്രെഡിറ്റ് കിട്ടാതെ പോവുകയും ആദായ നികുതി വകുപ്പില്‍ നിന്നും നികുതി അടക്കാന്‍ അറിയിപ്പ് ലഭിക്കുകയും ചെയ്യും.

4) കേന്ദ്ര സര്‍ക്കാരിലേക്ക് അടച്ച നികുതിയുടെ വിശദവിവരങ്ങള്‍ നല്‍കുക. ചലാന്‍ തീയതി, അടവ് നടത്തിയ ബാങ്കിന്റെ ബി.എസ്.ആര്‍ കോഡ്(7 അക്കങ്ങള്‍), ചലാന്‍ നമ്പര്‍ (5 അക്കങ്ങള്‍) എന്നിവ കൃത്യമായി പൂരിപ്പിക്കണം.

5) ഫോം നമ്പര്‍ 24ക്യു-വില്‍ ആദ്യ ഭാഗത്ത് തൊഴിലുടമയുടെ വിശദവിവരങ്ങളാണ് പൂരിപ്പിക്കേണ്ടത്. ടാന്‍, പാന്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോം ഒപ്പിടുന്ന വ്യക്തിയുടെ പേര് എന്നിവ കൂടാതെ ആ ക്വാര്‍ട്ടറില്‍ പിടിച്ച നികുതി തുക, വിദ്യാഭ്യാസ സെസ്സ്, ഇവ അടച്ച തീയതി, ബാങ്കിന്റെ ബി.എസ്.ആര്‍ കോഡ്, ചലാന്‍ സീരിയല്‍ നമ്പര്‍ എന്നിവയും പൂരിപ്പിക്കണം. ഈ ഫോമിന്റെ അനക്‌സര്‍ 1-ല്‍ ഓരോ ചലാന്റെയും കീഴില്‍ വരുന്ന ജീവനക്കാരുടെ പാന്‍, പേര്, ശമ്പളം നല്‍കിയ തീയതി, വരുമാനത്തുക, പിടിച്ച ടി.ഡി.എസ്(നികുതി), വിദ്യാഭ്യാസ സെസ്സ്), അടച്ച നികുതി, ടി.ഡി.എസ് പിടിച്ച തീയതി, കേന്ദ്ര ഗവണ്‍മെന്റിലേക്ക് അടച്ച തീയതി എന്നിവ നല്‍കിയിരിക്കണം. ഈ ഫോമിന്റെ അനക്‌സര്‍-2 ആദ്യത്തെ മൂന്ന് ക്വാര്‍ട്ടറുകള്‍ക്ക് നല്‍കേണ്ടതില്ല. ഇത് മാര്‍ച്ച് 31 അവസാനിച്ച ക്വാര്‍ട്ടറിന്റെ ഫോമില്‍ മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതി. 

ഈ അനക്‌സറില്‍ സീരിയല്‍ നമ്പര്‍ (കോളം 327), ജീവനക്കാരന്റെ പാന്‍ (കോളം 328), ജീവനക്കാരന്റെ പേര് (കോളം 329), ജീവനക്കാരന്‍ പുരുഷനോ, സ്ത്രീയോ, സീനിയര്‍ സിറ്റിസണ്‍ ആണോ എന്ന വിവരം (കോളം 330), ജീവനക്കാരന്‍ ജോലിയെടുത്ത കാലയളവ് (കോളം 331), മൊത്തശമ്പളം (കോളം 332), വകുപ്പ് 16 പ്രകാരം നല്‍കിയ കിഴിവ് (കോളം 333), ശമ്പളം എന്ന ഗണത്തില്‍ നികുതി വിധേയമായ വരുമാനം (കോളം 334 = കോളം 332 - 333), റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മറ്റ് വരുമാനങ്ങള്‍ - ഭവന വായ്പാപലിശയ്ക്കുള്ള നഷ്ടമടക്കം (കോളം 335), മൊത്തവരുമാനം(കോളം 336 = കോളം 334 + 335), വകുപ്പ് 80 സി, 80 സി സി സി, 80 സി സി സി പ്രകാരമുള്ള മൊത്തം കിഴിവ് ഒരു ലക്ഷം എന്ന പരിധിക്ക് വിധേയമായി (കോളം 337), അദ്ധ്യായം 6എ പ്രകാരമുള്ള മറ്റ് കിഴിവുകള്‍ (കോളം 338), അദ്ധ്യായം 6എ പ്രകാരമുള്ള മൊത്തം കിഴിവ്(കോളം 339 = കോളം 337 + 338), നികുതി വിധേയ വരുമാനം (കോളം 340 = കോളം 336 - 339), മൊത്തം ആദായ നുകുതി (കോളം 341), സര്‍ചാര്‍ജ്(കോളം 342 - ഇപ്പോള്‍ ബാധകമല്ല), വിദ്യാഭ്യാസ സെസ്സ്(കോളം 343), ശമ്പള കുടിശ്ശികയും മറ്റും കിട്ടുമ്പോള്‍ വകുപ്പ് 89 പ്രകാരം അനുവദിക്കപ്പെട്ട ആശ്വാസം (കോളം 344) നികുതി ബാധ്യത (കോളം 345= കോളം 341 + 342 + 343 - 344), സാമ്പത്തിക വര്‍ഷത്തിലെ എല്ലാ ക്വാര്‍ട്ടറുകളിലും കൂടി പിടിച്ച നികുതി (കോളം 346), നികുതി പിടിച്ചതില്‍ വന്ന കുറവ്(-), അഥവാ കൂടുതല്‍ പിടിച്ചത്(കോളം)-

(കോളം 347) എന്നീ വിവരങ്ങളാണ് ഈ അനക്‌സറില്‍ പൂരിപ്പിക്കേണ്ടത്.

ഇ-റിട്ടേണ്‍


ഇ-ടിഡിസ് റിട്ടേണ്‍ സമര്‍പ്പിക്കണമെങ്കില്‍ പ്രത്യേക കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എന്‍.എസ്.ഡി.എന്‍-ന്റെ വെബ്‌സൈറ്റായ https://msdl.co.inല്‍ സൗജന്യമായി ലഭിക്കും. അതുപയോഗിച്ച് തയ്യാറാക്കുന്ന ഫോം ഒരു സി.ഡിയില്‍ പകര്‍ത്തി അംഗീകൃത ഇ-റിട്ടേണ്‍ ഇന്റര്‍ മീഡിയറിക്ക് ഒപ്പിട്ട ഫോം നമ്പര്‍ 27എ അടക്കം നല്‍കിയാല്‍ അവര്‍ അത് എന്‍.എസ്.ഡി. എല്‍-ന്റെ വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്ത് ഒരു 15 അക്ക പ്രൊവിഷണല്‍ രസീത് നമ്പര്‍ നല്‍കും. (ചെറിയ ഒരു ഫീസ് ഇതിലേക്കായി നല്‍കേണ്ടിവരും). ഓരോ ക്വാര്‍ട്ടറിലേക്കുമുള്ള പ്രൊവിഷണല്‍ രസീത് നമ്പറുകള്‍ ഫോം 16ല്‍ രേഖപ്പെടുത്തണം. അംഗീകൃത ഇ-റിട്ടേണ്‍ ഇന്റര്‍ മീഡിയറികളുടെ വിശദാംശങ്ങളും എന്‍.എസ്.ഡി.എല്‍ ന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജീവനക്കാരന്‍ എന്തുചെയ്യും? തങ്ങളുടെ ശമ്പള വരുമാനത്തില്‍ നിന്ന് പിടിച്ച ടി.ഡി.എസ് തൊഴിലുടമ അടച്ചിട്ടുണ്ടോ എന്നും തങ്ങളുടെ 'പാന്‍'-ല്‍ ഈ അടവുകളുടെ ക്രെഡിറ്റ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും ലഭ്യമാണ്. ഇതിലേക്കായി ആദ്യം ചെയ്യേണ്ടത് തങ്ങളുടെ പാന്‍ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.incometaxindia.gov.inല്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. പാനും, നമ്മള്‍ തെരഞ്ഞെടുക്കുന്ന പാസ്‌വേര്‍ഡും ഉപയോഗിച്ച 'ലോഗിന്‍' ചെയ്തുകഴിഞ്ഞശേഷം ഇവിടെ നിന്നും ഫോം നമ്പര്‍ 26എഎസ് ഡൗണ്‍ലോഡ് ചെയ്ത് പിടിച്ച ടി.ഡി.എസിന് ക്രെഡിറ്റ് നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഇ-റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ വന്ന എന്തെങ്കിലും പിഴവുമൂലം ക്രെഡിറ്റ് വന്നിട്ടില്ല എങ്കില്‍ അത് തൊഴിലുടമയുടെ ശ്രദ്ധയില്‍പ്പെടുത്തി കറക്ഷന്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാം.

ശമ്പളത്തില്‍ നിന്നുള്ള ടി.ഡി.എസ്.

ഒരു സാമ്പത്തിക വര്‍ഷം കൂടി അവസാനിക്കാറായി. ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനത്തില്‍ നിന്ന് ആദായനികുതി നിയമത്തിലെ വകുപ്പ് 192 പ്രകാരം ടി.ഡി.എസ്. പിടിക്കാനുള്ള കടമ തൊഴിലുടമയ്ക്കുണ്ട്. ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ പലിശയും പിഴയും നല്‍കേണ്ടിവന്നേക്കാം.

സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ ഓരോ ജീവനക്കാരനും ലഭിക്കാവുന്ന ശമ്പള വരുമാനവും ജീവനക്കാരന് ലഭ്യമായ കിഴിവുകളും സംബന്ധിച്ച ഒരു സ്റ്റേറ്റ്‌മെന്റ് വാങ്ങിവെയ്ക്കുന്നതാണ് ആദ്യപടി. ഈ സ്റ്റേറ്റ്‌മെന്റിനെ ആസ്പദമാക്കി ഓരോ ജീവനക്കാരന്റെയും മൊത്തം ആദായനികുതി ബാധ്യത കണക്കാക്കി ഓരോ മാസവും ശമ്പളത്തില്‍ നിന്ന് ആനുപാതികമായി ടി.ഡി.എസ്. പിടിച്ച് കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് അടയ്ക്കുവാനുള്ള ബാധ്യത തൊഴിലുടമയ്ക്കുണ്ട്. എന്നാല്‍ മാസാമാസം നടത്തുന്ന കിഴിവുകളില്‍ വന്നുപോയ വ്യതിയാനങ്ങള്‍ പിന്നീടുള്ള മാസങ്ങളില്‍ നടത്തുന്ന ടി.ഡി.എസ്. തവണകളില്‍ അഡ്ജസ്റ്റ് ചെയ്യാനുള്ള സാവകാശവും തൊഴിലുടമയ്ക്ക് നല്‍കിയിട്ടുണ്ട്. ജീവനക്കാരന്‍ നല്‍കിയിട്ടുള്ള ആദ്യത്തെ സ്റ്റേറ്റ്‌മെന്റ് പ്രകാരമുള്ള കിഴിവുകള്‍ അയാള്‍ക്ക് ലഭ്യമാണോ എന്ന് രേഖകളെല്ലാം പരിശോധിച്ച് ബോധ്യപ്പെടാനുള്ള ചുമതലയും തൊഴിലുടമയ്ക്കുണ്ട്. ഏതെങ്കിലും കിഴിവവകാശപ്പെട്ടത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അതുമൂലമുണ്ടാകുന്ന അധിക നികുതി ബാധ്യത തൊഴിലുടമ അവസാന തവണകളില്‍ ചേര്‍ത്ത് ഈടാക്കി അടയ്ക്കണം.

ഒന്നില്‍ കൂടുതല്‍ തൊഴിലുടമകള്‍ ഉള്ളപ്പോള്‍


ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ജീവനക്കാരന്‍ ഒന്നില്‍ക്കൂടുതല്‍ തൊഴിലുടമകളില്‍ നിന്ന് ശമ്പള വരുമാനം കൈപ്പറ്റിയിരിക്കാം. ഒരു സ്ഥാപനത്തില്‍ നിന്ന് ജോലി രാജിവച്ച് മറ്റൊരു സ്ഥാപനത്തില്‍ ചേരുന്നതുമൂലമോ ഒന്നില്‍ കൂടുതല്‍ തൊഴിലുടമകളുടെ കീഴില്‍ ഒരേ സാമ്പത്തിക വര്‍ഷത്തില്‍ ജോലിയെടുക്കുന്നതുമൂലമോ ഇങ്ങനെ സംഭവിക്കാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി ലഭിച്ച വരുമാനത്തിനാണ് ടി.ഡി.എസ്. പിടിക്കേണ്ടത് എന്നതിനാല്‍ ഏതെങ്കിലും ഒരു തൊഴിലുടമ ടി.ഡി.എസ്. പിടിച്ചേ തീരൂ. ഏതു തൊഴിലുടമയാണ് ടി.ഡി.എസ്. പിടിക്കേണ്ടത് എന്നു തിരഞ്ഞെടുക്കാനുള്ള അവകാശം ജീവനക്കാരനുണ്ട്.

ഇതിലേക്കായി ജീവനക്കാരനും മറ്റു തൊഴിലുടമയും ചേര്‍ന്ന് ഒപ്പിട്ട വരുമാന സ്റ്റേറ്റ്‌മെന്റ് ടി.ഡി.എസ്. അടയ്ക്കാന്‍ ബാധ്യതയുള്ള തൊഴിലുടമയ്ക്ക് നല്‍കണം. ഇതും കൂടി പരിഗണിച്ച് തൊഴിലുടമ മൊത്തം വരുമാനത്തില്‍ നിന്ന് ടി.ഡി.എസ്. പിടിച്ചടയ്ക്കണമെന്ന് ആദായനികുതി നിയമത്തിലെ വകുപ്പ് 192(2) അനുശാസിക്കുന്നു.

ടി.ഡി.എസ്. പിടിക്കേണ്ടാത്ത സന്ദര്‍ഭങ്ങള്‍


60 വയസ്സ് തികയാത്ത പുരുഷന് ലഭ്യമായ അടിസ്ഥാന ഒഴിവ് 1,80,000 രൂപയാണെന്നും വനിതകള്‍ക്ക് ലഭ്യമായത് 1,90,000 രൂപയാണെന്നും 60 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 2,50,000 രൂപയാണെന്നും 85 വയസ്സ് തികഞ്ഞവര്‍ക്കുള്ള പരിധി 5,00,000 രൂപയാണെന്നും ഏവര്‍ക്കും അറിയാമല്ലോ. കിഴിവുകള്‍ പരിഗണിച്ചശേഷം നികുതിവിധേയ വരുമാനം ഈ പരിധികള്‍ കടക്കുന്നില്ല എങ്കില്‍ ടി.ഡി.എസ്. പിടിക്കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയില്ല.

ജീവനക്കാരന്‍ തന്റെ വരുമാനത്തില്‍ നിന്ന് ന്യായമായ കാരണങ്ങളാല്‍ നികുതി പിടിക്കരുതെന്നോ കുറഞ്ഞ നിരക്കില്‍ പിടിച്ചാല്‍ മതിയെന്നോ കാണിച്ച് ടി.ഡി.എസ്. ഓഫീസര്‍ക്ക് ഫോം നമ്പര്‍ 13ല്‍ അപേക്ഷ നല്‍കാന്‍ കഴിയും. ഇത് അര്‍ഹിക്കുന്നതാണെങ്കില്‍ ടി.ഡി.എസ്. ഓഫീസര്‍ നികുതി പിടിക്കേണ്ടതില്ല എന്നോ കുറഞ്ഞനിരക്കില്‍ പിടിച്ചാല്‍ മതിയെന്നോ നിര്‍ദേശിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. അതനുസരിച്ച് നികുതിയൊന്നും പിടിക്കാതിരിക്കാനോ കുറഞ്ഞനിരക്കില്‍പിടിക്കാനോ ഉള്ള അവകാശം തൊഴിലുടമയ്ക്കുണ്ട്.

പിടിച്ച ടി.ഡി.എസ്. എപ്പോഴടയ്ക്കണം?


ഉത്ഭവ സ്ഥാനത്തുനിന്ന് പിടിച്ച നികുതി അടയ്ക്കുവാനുള്ള പ്രത്യേക വ്യവസ്ഥകളും നിയമത്തിലുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ പിടിക്കുന്ന നികുതി പ്രത്യേക ചെലാന്‍ ഇല്ലാതെ കേന്ദ്ര ഗവണ്മെന്റിന്റെ അക്കൗണ്ടിലേക്ക് അടയ്ക്കുന്ന പക്ഷം നികുതി പിടിച്ചദിവസം തന്നെ അതു ചെയ്തിരിക്കണം. എന്നാല്‍ ചെലാന്‍ സഹിതമാണെങ്കില്‍ നികുതി പിടിച്ച മാസത്തിന്റെ അവസാന തീയതി മുതല്‍ ഏഴുദിവസത്തിനുള്ളില്‍ അടച്ചാല്‍ മതി. മറ്റുള്ളവരുടെ കാര്യമെടുത്താല്‍ മേല്‍പ്പറഞ്ഞപോലെ തന്നെ ഏഴുദിവസത്തിനുള്ളില്‍ ആണ് അടയ്‌ക്കേണ്ടത്. എന്നാല്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക ഏപ്രില്‍ മാസം 30-ാം തീയതി അടച്ചാല്‍ മതി എന്ന് പ്രത്യേക വ്യവസ്ഥയുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പിടിച്ച നികുതി അടയ്‌ക്കേണ്ടതിനായി പ്രത്യേക സംവിധാനം ഉണ്ടെങ്കിലും സാധാരണഗതിയില്‍ ബാധകമാകാത്തതിനാല്‍ ഇവിടെ വിവരിക്കുന്നില്ല.

മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം നികുതി പിടിച്ച സ്ഥാപനം കമ്പനിയാണെങ്കിലും വകുപ്പ് 44എബി പ്രകാരം ടാക്‌സ് ഓഡിറ്റിങ്ങിന് ബാധ്യതയുണ്ടെങ്കിലും മേല്‍പ്പറഞ്ഞ തീയതിക്കുള്ളില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് അഥവാ ഡെബിറ്റ് കാര്‍ഡ് മുഖേന അടയ്‌ക്കേണ്ടതാണ് എന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

വ്യവസ്ഥകള്‍ ലംഘിച്ചാല്‍


നികുതി പിടിക്കാന്‍ ബാധ്യത ഉണ്ടായിരുന്നിട്ടും പിടിക്കാതിരിക്കുക, പിടിച്ച നികുതി നിശ്ചിത തീയതിക്കുള്ളില്‍ അടയ്ക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഭീമമായ പലിശ, പിഴ എന്നിവ ലഭിച്ചേക്കും. ആദായനികുതി നിയമത്തിലെ വകുപ്പ് 201(1എ) പ്രകാരം നികുതി ഈടാക്കേണ്ടിയിരുന്നിട്ടും അതു ചെയ്യുന്നില്ല എങ്കില്‍ വീഴ്ച വരുത്തിയ ഓരോ മാസത്തിനും മാസത്തിന്റെ ഭാഗത്തിനും നികുതി പിടിച്ച തീയതി വരെ പ്രതിമാസം ഒരു ശതമാനം നിരക്കില്‍ സാധാരണ പലിശ നല്‍കേണ്ടിവരും.

എന്നാല്‍ നികുതി പിടിച്ചിട്ടും നിശ്ചിത തീയതിയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരിലേക്ക് തുക അടയ്ക്കാന്‍ വീഴ്ച വരുത്തിയാല്‍ അടയ്ക്കുന്ന തീയതി വരെ ഓരോ മാസത്തിനും മാസഭാഗത്തിനും പ്രതിമാസം ഒന്നരശതമാനം നിരക്കില്‍ പലിശ നല്‍കണം. കൂടാതെ ഉത്ഭവസ്ഥാനത്തുനിന്നും നികുതി പിടിക്കാതിരിക്കുകയോ പിടിച്ച നികുതി അടയ്ക്കാതിരിക്കുകയോ ചെയ്താല്‍ പ്രസ്തുത നികുതി തുക തന്നെ വകുപ്പ് 271 സി പ്രകാരം പിഴയായിട്ട് അടയ്‌ക്കേണ്ടിവരും. കൂട്ടത്തില്‍ നികുതി പിടിച്ചശേഷവും സര്‍ക്കാരിലേക്ക് അടയ്ക്കാതിരിക്കുകയാണെങ്കില്‍ വകുപ്പ് 276 ബി പ്രകാരം മൂന്നുമാസം മുതല്‍ ഏഴുവര്‍ഷം വരെ കഠിനതടവും ലഭിച്ചേക്കാം. (കോടതി വിധിക്കുന്ന പിഴ വേറെയും നല്‍കേണ്ടിവരും.)

സര്‍ട്ടിഫിക്കറ്റുകള്‍


ആദായനികുതി നിയമത്തിലെ 203-ാം വകുപ്പുപ്രകാരം ടി.ഡി.എസ്. പിടിക്കാന്‍ ഉത്തരവാദപ്പെട്ട വ്യക്തി ജീവനക്കാരന് സ്രോതസ്സില്‍പിടിച്ച നികുതിയെ സംബന്ധിച്ച വിവരങ്ങള്‍ കാണിക്കുന്ന ടി.ഡി,എസ്. സര്‍ട്ടിഫിക്കറ്റ് ഫോം നമ്പര്‍ 16ല്‍ നല്‍കണം.

പെന്‍ഷന്‍ നല്‍കുന്ന ബാങ്കുകളും ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബാധ്യസ്ഥരാണ്. കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ 31.5.2010ലെ നോട്ടിഫിക്കേഷന്‍ പ്രകാരം ഈ ഫോമില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. പുതുക്കിയ സര്‍ട്ടിഫിക്കറ്റിന്റെ ആദ്യഭാഗത്തില്‍ നികുതി വിധേയ വരുമാനത്തിന്മേലുള്ള ആദായനികുതി (വിദ്യാഭ്യാസ സെസ്സ് അടക്കം) നിര്‍ണയിക്കുക മാത്രമാണ് ചെയ്യുന്നത്.

ഇതിനോടനുബന്ധിച്ചുള്ള അനക്‌സര്‍ എ അഥവാ ബി-യില്‍ ആണ് പിടിച്ച നികുതി, പ്രസ്തുത ടാക്‌സ് അടച്ച തീയതി, അടച്ച ബാങ്കിന്റെ ബി.എസ്.ആര്‍. കോഡ് ചെലാന്‍ സീരിയല്‍ നമ്പര്‍ എന്നിവ നല്‍കേണ്ടത്. ഫോം നമ്പര്‍ 16ല്‍ ജീവനക്കാരന്റെ കൃത്യമായ പാന്‍, തൊഴിലുടമയുടെ ടാന്‍, ചെലാന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍, എന്‍.എസ്.ഡി.എല്‍. വഴി സമര്‍പ്പിക്കപ്പെട്ട ത്രൈമാസ ടി.ഡി.എസ്. റിട്ടേണുകളുടെ എട്ടക്കങ്ങളുള്ള രസീതു നമ്പറുകള്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. (ടി.ഡി.എസ് റിട്ടേണുകള്‍ തൊഴിലുടമ എങ്ങനെയാണ് സമര്‍പ്പിക്കേണ്ടത് എന്നതിനുള്ള വിവരങ്ങള്‍ അന്യത്ര). ശമ്പളേതര ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുള്ള ജീവനക്കാരന് അതുസംബന്ധിച്ച വിവരങ്ങള്‍ കാണിക്കുന്ന ഫോം നമ്പര്‍ 12ബിഎ കൂടി നല്‍കിയിരിക്കണം. ഫോം നമ്പര്‍ 16 ഡിജിറ്റലായും ഒപ്പിടുവാനുള്ള സൗകര്യം തൊഴിലുടമയ്ക്ക് നല്‍കിയിട്ടുണ്ട്.

ടി.ഡി.എസ്സിന് വിധേയരായ എല്ലാ ജീവനക്കാര്‍ക്കും മെയ് 31നുള്ളില്‍ ഫോം 16 നല്‍കിയിരിക്കണമെന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഓരോ ദിവസത്തിനും 100 രൂപ എന്ന നിരക്കില്‍ പിഴ ചുമത്താന്‍ വകുപ്പ് 272 എ അനുശാസിക്കുന്നു.

പാന്‍ വിവരങ്ങള്‍ നല്‍കാനുള്ള ബാധ്യത


ടി.ഡി.എസ്സിന് ബാധ്യതയുള്ള എല്ലാ ജീവനക്കാരും തങ്ങളുടെ തൊഴിലുടമയ്ക്ക് നിര്‍ബന്ധമായും പാന്‍ നല്‍കിയിരിക്കണം. അല്ലാത്ത പക്ഷം താഴെ പറയുന്നവയില്‍ കൂടിയ തുക ടി.ഡി.എസ്. ആയി പിടിക്കാന്‍ തൊഴിലുടമ വകുപ്പ് 206 എഎ പ്രകാരം നിര്‍ബന്ധിതനായിത്തീരും.

1. സ്ലാബ് നിരക്കില്‍ ബാധകമായി നികുതി

2. നികുതി വിധേയ വരുമാനത്തിന്റെ 20%

പാന്‍ നല്‍കാതിരിക്കുന്നതുമൂലം മേല്‍പ്പറഞ്ഞ രീതിയില്‍ 20 ശതമാനം ഫ്ലാറ്റ് നിരക്കില്‍ ടി.ഡി.എസ്. പിടിക്കേണ്ടിവരുമ്പോള്‍ 3 ശതമാനം വിദ്യാഭ്യാസ സെസ്സ് പിടിക്കേണ്ടതില്ല എന്നു പ്രത്യേകം വ്യവസ്ഥചെയ്തിട്ടുണ്ട്. ഒരു ഉദാഹരണം വഴി ഇത് വ്യക്തമാക്കാന്‍ ശ്രമിക്കാം.

65 വയസ്സ് തികയാത്ത പുരുഷനായ ജീവനക്കാരന് 4,50,000 രൂപ എല്ലാ കിഴിവുകള്‍ക്കും ശേഷം നികുതിവിധേയ വരുമാനമുണ്ടെങ്കില്‍ പ്രസ്തുത വ്യക്തിയില്‍ നിന്ന് ഈടാക്കേണ്ടതായ ടി.ഡി.എസ്. വിദ്യാഭ്യാസ സെസ്സ് അടക്കം 27810 രൂപയാണ്. ഇദ്ദേഹം പാന്‍ സംബന്ധിച്ച വിവരങ്ങള്‍ തൊഴിലുടമയ്ക്ക് നല്‍കുന്നില്ല എങ്കില്‍ 4,50,000 രൂപയുടെ 20ശതമാനം ആയ 90,000 രൂപ ടി.ഡി.എസ്. ആയി പിടിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനായിത്തീരും.
ടി.ഡി.എസ്. കണക്കാക്കുമ്പോള്‍ അനുവദിക്കാവുന്ന കിഴിവുകള്‍

ജീവനക്കാരന്റെ മൊത്തശമ്പളത്തില്‍ നിന്നും ചില ഒഴിവുകളും (exemptions), കിഴിവുകളും (deductions) നഷ്ടങ്ങളും (Negative Income) ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചശേഷം അനുവദിക്കാന്‍ തൊഴിലുടമയ്ക്ക് അധികാരം നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു. 
ഒഴിവുകള്‍ (exemptions)

ഈ ഗണത്തില്‍പ്പെടുന്ന നികുതിയാശ്വാസങ്ങള്‍ മൊത്ത വരുമാനം കണക്കാക്കുമ്പോള്‍ തന്നെ ഒഴിവാക്കിയിരിക്കുന്നു.

1) ട്രാവല്‍ കണ്‍സെഷന്‍: 
ആദായനികുതി നിയമത്തിലെ വകുപ്പ് 10(5) പ്രകാരമാണ് ഈ നികുതിയാശ്വാസം. ജീവനക്കാരന്‍ ലീവെടുത്ത് കുടുംബസഹിതം ഇന്ത്യയിലെവിടേക്കെങ്കിലും യാത്ര ചെയ്യുന്നതിനോ, റിട്ടയര്‍മെന്റ് അഥവാ ടെര്‍മിനേഷന്‍ മൂലമോ യാത്ര ചെയ്യുന്നതിനായി നല്‍കുന്ന അലവന്‍സ് നികുതി വിധേയവരുമാനം കണക്കാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

2) ഗ്രാറ്റുവിറ്റി: 
വകുപ്പ് 10 (10) പ്രകാരമാണ് ഈ ഒഴിവ്. 24.5.2010 നുശേഷം റിട്ടയര്‍ ചെയ്യുന്നവര്‍ക്കു ബാധകമായ കൂടിയ പരിധി 10 ലക്ഷം രൂപയാണ്.

3) റിട്ടയര്‍മെന്റ് സമയത്തുള്ള പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍:
വകുപ്പ് 10 (10എ) പ്രകാരമാണ് ഒഴിവു ലഭിക്കുക. ഈ വകുപ്പില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെങ്കില്‍ ഒഴിവ് നല്‍കാം.

4) റിട്ടയര്‍മെന്റ് സമയത്തുള്ള ലീവ് സറണ്ടര്‍: 
വകുപ്പ് 10 (10 എഎ) പ്രകാരമുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി ഒഴിവ് നല്‍കാം. 1.4.1998 നു ശേഷം റിട്ടയര്‍ ചെയ്യുന്നവര്‍ക്കു ബാധകമായ പരിധി മൂന്നുലക്ഷം രൂപയാണ്.

5) വൊളന്ററി റിട്ടയര്‍മെന്റ്:
 വകുപ്പ് 10(10സി) പ്രകാരമുള്ള വ്യവസ്ഥകള്‍ക്കു വിധേയം. കൂടിയ പരിധി അഞ്ചുലക്ഷം രൂപ.

6) വീട്ടുവാടകബത്ത: 
വീട്ടുവാടക നല്‍കുന്ന ജീവനക്കാരന് വകുപ്പ് 10(13എ) യിലും റൂള്‍ 2 എയിലും പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്കു വിധേയമായി മുഴുവനായോ ഭാഗികമായോ കിഴിവിനര്‍ഹതയുണ്ട്. പ്രതിമാസം 3000 രൂപവരെ വീട്ടുവാടകബത്ത ലഭിക്കുന്ന ജീവനക്കാരെ വാടക രസീത് ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ നികുതി നിര്‍ണയ വേളയില്‍ ആദായനികുതി ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച രേഖ ഹാജരാക്കാന്‍ ആവശ്യപ്പെടാവുന്നതാണ്. കൂടാതെ പ്രതിവര്‍ഷം 1,80,000 രൂപയില്‍ കൂടുതല്‍ വാടക നല്‍കുന്ന ജീവനക്കാരന്‍ കെട്ടിടമുടമയുടെ 'പാന്‍' തൊഴിലുടമയ്ക്കു നല്‍കിയിരിക്കണമെന്ന് നിബന്ധനയുണ്ട്. കെട്ടിടമുടമയ്ക്ക് 'പാന്‍' ഇല്ലായെങ്കില്‍ പൂര്‍ണമായ മേല്‍വിലാസവും മറ്റുവിവരങ്ങളും അടങ്ങുന്ന ഒരു ഡിക്ലറേഷനും കെട്ടിടമുടമയില്‍ നിന്നും വാങ്ങി തൊഴിലുടമയ്ക്ക് നല്‍കേണ്ടതുണ്ട്.

7) മറ്റ് അലവന്‍സുകള്‍: 
വകുപ്പ് 10(14) പ്രകാരം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള അലവന്‍സുകള്‍ക്ക് ഒഴിവു നല്‍കാം. ഇതില്‍ പ്രധാനപ്പെട്ടത് ജീവനക്കാരന്റെ താമസസ്ഥലത്തു നിന്നും ജോലിസ്ഥലത്തേക്കും (തിരിച്ചും) യാത്ര ചെയ്യുന്നതിന് നല്‍കുന്ന കണ്‍വെയന്‍സ് അലവന്‍സാണ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ വിജ്ഞാപനപ്രകാരം ഇതിന്റെ പരിധി പ്രതിമാസം 800 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. (വികലാംഗര്‍ക്ക് പ്രതിമാസം 1600 രൂപ)

8) മെഡിക്കല്‍ റീ-ഇമ്പേഴ്‌സ്‌മെന്റ്:
 ഒരുവര്‍ഷത്തില്‍ 15,000 രൂപ എന്ന പരിധിക്കു വിധേയമായി ഒഴിവു നല്‍കാം.

കിഴിവുകള്‍ (Deductions)

1) തൊഴില്‍ നികുതി:
 വകുപ്പ് 16(ഐഐഐ) പ്രകാരം പൂര്‍ണമായും കിഴിവു നല്‍കാം.

2) വകുപ്പ് 80 സി പ്രകാരം കിഴിവുകള്‍: 


ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം:
 ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അഥവാ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള മറ്റ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷൂറന്‍സ് പദ്ധതികളിലേക്ക് സ്വന്തം പേരിലോ ജീവിതപങ്കാളിയുടെ പേരിലോ മക്കള്‍ (അവര്‍ എത്ര മുതിര്‍ന്നവരായാലും) അടക്കുന്ന പ്രീമിയങ്ങള്‍, ലേറ്റ് ഫീ, പലിശ എന്നിവയ്ക്ക് കിഴിവു നല്‍കാം.

പ്രോവിഡന്റ് ഫണ്ട് : 
1925 ലെ പ്രോവിഡന്റ് ഫണ്ട് ആക്ട് പ്രകാരമുള്ള പ്രോവിഡന്റ് ഫണ്ടുകള്‍ അഥവാ സര്‍ക്കാര്‍ പ്രോവിഡന്റ് ഫണ്ടുകള്‍, അംഗീകൃത പ്രോവിഡന്റ് ഫണ്ടുകള്‍ എന്നിവയിലേക്ക് ജീവനക്കാരന്‍ അടക്കുന്ന തുകകള്‍ക്ക് വകുപ്പ് 80 സി പ്രകാരം കിഴിവിന് അര്‍ഹതയുണ്ട്. പബ്ലിക്ക് പ്രോവിഡന്റ് ഫണ്ടിലേക്ക് അടക്കുന്ന തുകകള്‍ക്കും കിഴിവ് ലഭ്യമാണ്.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍:
 1.12.2011 മുതല്‍ ഇഷ്യു ചെയ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി 6 വര്‍ഷത്തില്‍ നിന്നും 5 വര്‍ഷമായി കുറച്ചിട്ടുണ്ട്. പത്തുവര്‍ഷത്തെ കാലവധിയുള്ള പുതിയ പദ്ധതി (ഇഷ്യു -എക്‌സ്) യും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷാവര്‍ഷം മുതലിനോടു ചേര്‍ക്കപ്പെടുന്ന പലിശ മൊത്ത വരുമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പ് 80 സി പ്രകാരം പുനര്‍നിക്ഷേപം എന്ന നിലയില്‍ കിഴിവിനര്‍ഹതയുണ്ട്.

യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍: 
സ്വന്തം പേരിലോ ജീവിത പങ്കാളി, മക്കള്‍ എന്നിവരുടെ പേരിലോ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ യൂലിപ് (ULIP) എന്ന പദ്ധതിയിലേക്ക് അടക്കുന്ന പ്രീമിയങ്ങള്‍, എല്‍.ഐ.സി. മ്യൂച്ചല്‍ ഫണ്ടിന്റെ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ എന്ന പദ്ധതിയിലേക്ക് അടക്കുന്ന പ്രീമിയങ്ങള്‍ക്ക് കിഴിവു നല്‍കാം.

ആനുവിറ്റി പ്ലാനുകള്‍: 
എല്‍.ഐ.സിയുടെ പുതിയ ജീവന്‍ധാര, പുതിയ ജീവന്‍ധാര - ജെ, പുതിയ ജീവന്‍ അക്ഷയ്, പുതിയ ജീവന്‍ അക്ഷയ് ക, പുതിയ ജീവന്‍ അക്ഷയ് കക എന്നീ ആനുവിറ്റി പ്ലാനുകളിലേക്ക് നടത്തുന്ന അടവുകള്‍ക്ക് കിഴിവ് നല്‍കാം.

ഭവനവായ്പാമുതല്‍ തിരിച്ചടവ്: 
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നെടുത്ത ഭവനവായ്പയുടെ മുതല്‍ തിരിച്ചടവ്, ഭവനം സ്വന്തം പേരിലേക്ക് മാറ്റിയെടുക്കാന്‍ ചെലവായ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ്, മറ്റു ചെലവ് എന്നിവയ്ക്ക് വകുപ്പ് 80 സിയില്‍ ഉള്‍പ്പെടുത്തി കിഴിവു നല്‍കാം.

ട്യൂഷന്‍ ഫീസ്: 
ജീവനക്കാരന്റെ ഏതെങ്കിലും രണ്ടുകുട്ടികളുടെ മുഴുവന്‍ സമയ വിദ്യാഭ്യാസത്തിനായി യൂണിവേഴ്‌സിറ്റി, കോളേജ്, സ്‌കൂള്‍, അഥവാ മറ്റു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് (അവ ഇന്ത്യയിലുള്ളവയാണെങ്കില്‍ മാത്രം) അടക്കുന്ന ട്യൂഷന്‍ ഫീസിന് കിഴിവു നല്‍കാം. 'മുഴുവന്‍ സമയവിദ്യാഭ്യാസം' എന്ന പ്രയോഗത്തിന്റെ പരിധിയില്‍ പ്ലേസ്‌കൂള്‍, പ്രീ നഴ്‌സറി, നഴ്‌സറി എന്നിവ ഉള്‍പ്പെടുമെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഡവലപ്പ്‌മെന്റ് ഫീ, സംഭാവന, ക്യാപിറ്റേഷന്‍ ഫീ അഥവാ സമാനസ്വഭാവമുള്ള മറ്റു ഫീസുകള്‍ - കിഴിവിനായി പരിഗണിക്കാവുന്നതല്ല.

ബാങ്ക് സ്ഥിരനിക്ഷേപം: 
'ബാങ്ക് ടേം ഡിപ്പോസിറ്റ് സ്‌കീം 2006' എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നിക്ഷേപദ്ധതി പ്രകാരം ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നടത്തുന്ന അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലപരിധിയുള്ള നിക്ഷേപങ്ങള്‍ക്ക് വകുപ്പ് 80 സി പ്രകാരം കിഴിവ് ലഭ്യമാണ്.

മറ്റ് അടവുകള്‍: 
2004-ലെ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം റൂള്‍സ് പ്രകാരം നടത്തുന്ന നിക്ഷേപങ്ങള്‍, പോസ്റ്റോഫീസ് ടൈം ഡിപ്പോസിറ്റ് റൂള്‍സ് 1981 പ്രകാരം നടത്തുന്ന അഞ്ചുവര്‍ഷത്തെ ടൈം ഡിപ്പോസിറ്റുകള്‍ എന്നിവയ്ക്കും വകുപ്പ് 80 സി പ്രകാരം കിഴിവിനര്‍ഹതയുണ്ട്.

വകുപ്പ് 80 സിസിഡി പ്രകാരം കിഴിവ്: 
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെയോ മറ്റ് അംഗീകൃത ഫണ്ടിന്റെയോ ആനുവിറ്റിപ്ലാന്‍ പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിലേക്കായി നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ഈ വകുപ്പ് പ്രകാരം കിഴിവിനര്‍ഹതയുണ്ട്.

വകുപ്പ് 80 സിസിഡി പ്രകാരം കിഴിവ്: 
കേന്ദ്ര സര്‍ക്കാരിനാല്‍ പ്രഖ്യാപിതമായ 'ന്യൂ പെന്‍ഷന്‍ സ്‌കീം' പ്രകാരം ജീവനക്കാരന്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ശമ്പളത്തിന്റെ 10% എന്ന പരിധിക്കു വിധേയമായി കിഴിവിന് അര്‍ഹതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ അഥവാ മറ്റു തൊഴിലുടമ ജീവനക്കാരന്റെ ഈ അക്കൗണ്ടിലേക്ക് അടക്കുന്ന തുകകള്‍ക്കും ശമ്പളത്തിന്റെ 10% എന്ന പരിധിക്കു വിധേയമായി ജീവനക്കാരന് ഈ വകുപ്പുപ്രകാരം കിഴിവ് ലഭ്യമാണ്. ഇതിലേക്കായി 'ശമ്പളം' എന്ന പദത്തിന്റെ നിര്‍വചനത്തില്‍ അടിസ്ഥാന ശമ്പളവും തൊഴില്‍ കരാര്‍ പ്രകാരമുള്ള ക്ഷാമബത്ത (ഡി.എ)യും ഉള്‍പ്പെടുമെങ്കിലും മറ്റു ബത്തകള്‍, പെര്‍ക്വിസിറ്റുകള്‍ എന്നിവ പരിഗണിക്കേണ്ടതില്ല.

ഒരു ലക്ഷം എന്ന പരിധി:
 80 സി, 80സിസിഡി എന്നിവ പ്രകാരം മേല്‍പ്പറഞ്ഞ രീതിയില്‍ കണക്കാക്കിയ മൊത്തം കിഴിവ് ഒരുലക്ഷം രൂപയാണെന്ന് വകുപ്പ് 80 സിസിഇ അനുശാസിക്കുന്നു. എന്നാല്‍ വകുപ്പ് സിസിഡി പ്രകാരം പുതിയ പെന്‍ഷന്‍ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ അഥവാ മറ്റു തൊഴിലുടമ അടക്കുന്ന തുകകള്‍ ഈ പരിധിക്കുള്ളില്‍ വരുന്നതല്ല എന്നത് പ്രത്യേകം വിശദീകരിക്കപ്പെട്ടിരിക്കുന്നു.

അടിസ്ഥാന സൗകര്യ ബോണ്ടുകള്‍:
 2010-11 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ വകുപ്പ് 80 സിസിഎഫ് പ്രകാരം അംഗീകൃത അടിസ്ഥാന സൗകര്യ ബോണ്ടുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് 20,000 രൂപ എന്ന പ്രത്യേക പരിധിക്കു വിധേയമായി കിഴിവിനര്‍ഹതയുണ്ട്. മേല്‍പ്പറഞ്ഞ ഒരുലക്ഷം രൂപ എന്ന പരിധിക്കു പുറമേയാണിത് എന്നുള്ളത് ശ്രദ്ധേയമാണ്.

പരിഗണിക്കാവുന്ന മറ്റു കിഴിവുകള്‍


1) മെഡി ക്ലെയിം - (വകുപ്പ് 80 ഡി) - 15,000 അഥവാ 20,000 എന്ന പരിധിക്കു വിധേയം. 2) വൈകല്യമുള്ള ആശ്രിതര്‍ക്കായുള്ള കിഴിവ് - (വകുപ്പ് 80 ഡിഡി): സാധാരണ വൈകല്യമുള്ളവര്‍ക്കുള്ള പരിധി 50,000/- രൂപ. ഗുരുതരമായ വൈകല്യങ്ങള്‍ക്കുള്ള പരിധി 1,00,000 രൂപ. 3) വിദ്യാഭ്യാസ വായ്പാപലിശ (വകുപ്പ് 80 ഇ) - സ്വന്തം ഉന്നത വിദ്യാഭ്യാസത്തിനോ ജീവിതപങ്കാളി, മക്കള്‍ എന്നിവരുടെ ഉന്നത വിദ്യാഭ്യാസത്തിനോ വേണ്ടി എടുത്ത വായ്പകളിന്മേലുള്ള പലിശയ്ക്ക് ഈവകുപ്പ്പ്രകാരം നിബന്ധനകള്‍ക്കു വിധേയമായി കിഴിവിനര്‍ഹതയുണ്ട്. 4) സംഭാവനകള്‍: അംഗീകൃത ധര്‍മ്മസ്ഥാപനങ്ങള്‍ക്കു നല്‍കുന്ന സംഭാവനകള്‍ക്ക് വകുപ്പ് 80 ജിപ്രകാരം കിഴിവുണ്ടെങ്കിലും ടി.ഡി.എസ്. നടത്തുന്ന തൊഴിലുടമ അവ പരിഗണിക്കേണ്ടതില്ല. ഇത് ജീവനക്കാരന്‍ റിട്ടേണ്‍ സമര്‍പ്പിച്ചു വേണം കിഴിവ് അവകാശപ്പെടാന്‍. എന്നാല്‍ തൊഴിലുടമയിലൂടെ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, ലെഫ്‌നന്റ് ഗവര്‍ണര്‍മാരുടെ ദുരിതാശ്വാസ നിധി എന്നിവ ശമ്പളത്തില്‍ നിന്നും കുറവു ചെയ്ത് അടച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് 100% കിഴിവ് നല്‍കാവുന്നതാണ്. 5) വാടക നല്‍കുന്നവര്‍ക്ക്: വീട്ടുവാടകബത്ത ലഭിക്കാത്തവരും എന്നാല്‍ വാടക നല്‍കുന്നവരുമായ ജീവനക്കാര്‍ക്ക് പ്രതിമാസം 2000 രൂപ എന്ന കൂടിയ പരിധിക്കും മറ്റുനിബന്ധനകള്‍ക്കും വിധേയമായി കിഴിവ് നല്‍കാം. 6) ജീവനക്കാരന്റെ സ്വന്തം വൈകല്യങ്ങള്‍ക്ക്: സാധാരണ വൈകല്യങ്ങള്‍ക്ക് 50,000 രൂപ, ഗുരുതരമായ വൈകല്യമുള്ളവര്‍ക്ക് 1,00,000 രൂപ എന്നീ പരിധികള്‍ക്കും മറ്റു നിബന്ധനകള്‍ക്കും വിധേയമായി കിഴിവ് നല്‍കാവുന്നതാണ് (വകുപ്പ് 80യു).

ആദായ നികുതി നിയമത്തിലെ ടി.ഡി.എസ് വ്യവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വം നല്‍കപ്പെട്ടിരിക്കകുന്നത് ശമ്പള വരുമാനത്തില്‍ നിന്നും ടി.ഡി.എസ് പിടിക്കാന്‍ വകുപ്പ് 192 പ്രകാരം ബാധ്യതയുള്ള തൊഴിലുടമകള്‍ക്കാണ്. മറ്റുള്ള ടി.ഡി.എസ് വകുപ്പുകളില്‍ നിശ്ചിത ശതമാന നിരക്കില്‍ ഉത്ഭവസ്ഥാനത്ത് നിന്നും നികുതി പിടിക്കുമ്പോള്‍ കിഴിവുകളും മറ്റും നല്‍കാന്‍ പിടിക്കുന്നവര്‍ക്ക് അധികാരം നല്‍കിയിട്ടില്ല. ഉദാഹരണമായി പലിശയില്‍ നിന്നുള്ള ടി.ഡി.എസ്(വകുപ്പ് 194 എ), കോണ്‍ട്രാക്ടര്‍മമാര്‍ക്ക് നല്‍കുന്ന തുകകള്‍(വകുപ്പ് 194 സി), കമ്മീഷന്‍ അഥവാ ബ്രോക്കറേജ്(വകുപ്പ് 194 എച്ച്), വാടക(വകുപ്പ് 194 ഐ) മുതലായവയ്ക്ക് നിശ്ചിത ശതമാന നിരക്കില്‍ ടി.ഡി.എസ് പിടിച്ചേ തീരൂ. ഈ തത്വത്തിനുള്ള അപവാദമായി പറയാവുന്നത് പലിശ വരുമാനം നല്‍കുമ്പോള്‍ ഫോം 15 ജി അഥവാ ഫോറം 15 എച്ച് വാങ്ങി വച്ച് ടി.ഡി.എസ് പിടിക്കാതിരിക്കുക, ആദായ നികുതി ഓഫീസര്‍ വകുപ്പ് 197 പ്രകാരം ടി.ഡി.എസ് പിടിക്കേണ്ടതില്ല എന്നോ കുറഞ്ഞ നിരക്കില്‍ പിടിച്ചാല്‍ മതി എന്നോ ഉത്തരവ് പുറപ്പെടുവിക്കുമ്പോഴോ ആണ്.

എന്നാല്‍ വകുപ്പ് 192 പ്രകാരം ശമ്പളത്തില്‍ നിന്നും ടിഡിഎസ് പിടിക്കുമ്പോള്‍ ജീവനക്കാരന്‍ അവകാശപ്പെടുന്ന കിഴിവുകള്‍ രേഖകള്‍ പരിശോധിച്ച് നല്‍കണം എന്ന ഭാരിച്ച ഉത്തരവാദിത്വം തൊഴിലുടമയില്‍ നിക്ഷിപ്തമായിരിക്കുകയാണ്.

മറ്റുനഷ്ടങ്ങള്‍ (Negative Incomes)

''ശമ്പളം'' എന്ന വരുമാനഗണം പോലെയുള്ള മറ്റ് ഗുണങ്ങളാണ് ഹൗസ് പ്രോപ്പര്‍ട്ടി, ബിസിനസ് അഥവാ പ്രൊഫഷന്‍, ക്യാപിറ്റല്‍ ഗെയിന്‍സ്, മറ്റ് സ്രോതസുകള്‍ എന്നിവ. ഇവയില്‍ ഏതെങ്കിലും ഇനത്തിലുള്ള നഷ്ടം ശമ്പള വരുമാനത്തില്‍ നിന്നും തട്ടിക്കിഴിച്ച് ടി.ഡി.എസ് പിടിക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ല എന്ന നിയമ വ്യവസഥയ്ക്കുള്ള ഏക അപവാദമാണ് സ്വന്തം താമസത്തിനായുള്ള ഭവനം സ്വായത്തമാക്കാന്‍ എടുത്തിട്ടുള്ള വായ്പയിന്‍മേലുള്ള പലിശ മൂലമുള്ള നഷ്ടം (Negative Income) . ഈ നികുതിയിളവ് നല്‍കുമ്പോള്‍ വളരെ സൂക്ഷ്മമായി രേഖകള്‍ പരിശോധിക്കേണ്ടതുണ്ട്. പ്രധാന വ്യവസ്ഥകള്‍ താഴെ കൊടുക്കുന്നു.

1) പലിശബാധ്യതയെ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ അടങ്ങിയ ഒരു സ്റ്റേറ്റ്‌മെന്റ് തെളിവ് സഹിതം ജീവനക്കാരില്‍ നിന്നും വാങ്ങി സൂക്ഷിക്കണം. കടം നല്‍കിയ സ്ഥാപനം അഥവാ വ്യക്തിയുടെ പേരും മേല്‍വിലാസവും, ഭവനത്തിന്റെ മേല്‍വിലാസം, കടം വാങ്ങിയ തുക എന്നിവ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ച് പലിശ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട കിഴിവിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടശേഷം മാത്രമെ കിഴിവ് അനുവദിക്കാവൂ. എന്തെങ്കിലും അവ്യക്തതയോ സംശയമോ തോന്നുന്നപക്ഷം കിഴിവ് നല്‍കാതെ ടി.ഡി.എസ് പിടിച്ചശേഷം റിട്ടേണ്‍ സമര്‍പ്പിച്ച് കിഴിവ് അവകാശപ്പെടാന്‍ ജീവനക്കാരനോട് നിര്‍ദ്ദേശിക്കുന്നതാണ് അഭികാമ്യം.

2) ഭവന വായ്പയുടെ മുതല്‍ തിരിച്ചടവിന് വകുപ്പ് 80 സി പ്രകാരം കിഴിവിന് അര്‍ഹതയുണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ. എന്നാല്‍ ഭവനവായ്പാ പലിശയ്ക്ക് ഈ ഒരു വ്യവസ്ഥ ബാധകമല്ല. അതിനാല്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടമെടുത്തു എന്ന അവകാശവാദവുമായി ചില ജീവനക്കാരെങ്കിലും തൊഴിലുടമയെ സമീപിച്ചേക്കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പൂര്‍ണബോധ്യം വന്നാലേ കിഴിവ് നല്‍കാവൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

(വകുപ്പ് 10(13എ) പ്രകാരം വീട്ടുവാടകബത്തയ്ക്കുള്ള ഒഴിവ്, വകുപ്പ് 80 ജിജി പ്രകാരം വീട്ടുവാടകബത്തയില്ലാത്തവര്‍ വാടക നല്‍കി ജീവിക്കുമ്പോഴുള്ള കിഴിവ് എന്നിവയുടെ കാര്യത്തിലും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും 'വ്യാജ' വാടക രസീതുകള്‍ ഹാജരാക്കുന്ന പ്രവണതയും ഉണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിലും തൊഴിലുടമ ജാഗ്രത പുലര്‍ത്തേണ്ടതാണ്).

3) 1-4-1999നുശേഷം എടുത്ത ഭവന വായ്പകളുടെ പലിശയ്ക്കാണ് 1,50,000 രൂപ എന്ന അധികരിച്ച പരിധി ബാധകമായിരിക്കുന്നത്. അതിന് മുന്‍പെടുത്ത വായ്പകളുടെ പലിശയ്ക്ക് 30,000 രൂപയാണ് കൂടിയ പരിധി. ഭവനം വാങ്ങാനോ പണികഴിപ്പിക്കാനോ എടുത്ത വായ്പകള്‍ക്ക് മാത്രമാണ് ഒന്നര ലക്ഷം രൂപ എന്ന പരിധി ബാധകമാകുക എന്നതും ഓര്‍ത്തിരിക്കേണ്ടതുണ്ട്. ഭവനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കോ വിപുലീകരണത്തിനോ എടുത്ത വായ്പകളുടെ പലിശയ്ക്കുള്ള പരിധി 30,000.

പെര്‍ക്വിസിറ്റുകള്‍ (Perquisites)

നികുതി വിധേയ വരുമാനം കണക്കാക്കുമ്പോള്‍ ശമ്പളേതര വരുമാനങ്ങളും (Perquisites) കൂടെ കണക്കിലെടുക്കേണ്ടതുണ്ട്. പൂര്‍ണമായോ ഭാഗികമായോ സൗജന്യമായിട്ടുള്ള താമസ സൗകര്യം, കാറുകളുടെ ഉപയോഗം, സൗജന്യ നിരക്കിലുള്ള ഗ്യാസ്, വിദ്യുച്ഛക്തി, വെള്ളം, സൗജന്യ നിരക്കിലുള്ള വിദ്യാഭ്യാസം തുടങ്ങിയ ശമ്പളേതര സൗകര്യങ്ങളുടെ മൂല്യം കണക്കാക്കുന്നതിനുള്ള വിശദമായ മാര്‍ഗരേഖകള്‍ 1962ലെ ആദായനികുതി റൂള്‍സിലെ റൂള്‍ 3ല്‍ നല്‍കിയിട്ടുണ്ട്. ടി.ഡി.എസ്. പിടിക്കാന്‍ ചുമതലയുള്ള ഏതൊരു വ്യക്തിയും ഇവ വായിച്ച് മനസ്സിലാക്കിയിരിക്കേണ്ടതാണ്. (സ്ഥല പരിമിതി മൂലം ഇവിടെ വിവരിക്കാന്‍ നിര്‍വാഹമില്ല.

ബാങ്ക്‌പലിശയില്‍നിന്നും ടിഡിഎസ് പിടിക്കാതിരിക്കാന്‍
? ബാങ്ക്പലിശയില്‍നിന്നും ടിഡിഎസ് പിടിക്കാതിരിക്കാനായി സമര്‍പ്പിക്കേണ്ടതായ ഫോം നമ്പര്‍ 15ജി അഥവാ 15എച്ച് സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് അധികൃതരും നിക്ഷേപകരും ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയാണ്. പള്ളികള്‍, ക്ഷേത്രങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ലഭിക്കുന്ന പലിശയില്‍നിന്നും ടിഡിഎസ് പിടിക്കാതിരിക്കണമെങ്കില്‍ എന്തുചെയ്യണം.
ഫോം നമ്പര്‍ 15ജി 65 വയസ്സില്‍താഴെയുള്ള വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കുംമാത്രമാണ് സമര്‍പ്പിക്കാന്‍ അവകാശമുള്ളത്. 65 വയസ്സുതികഞ്ഞവര്‍ സമര്‍പ്പിക്കേണ്ടത് ഫോം നമ്പര്‍ 15എച്ച് ആണ്.

സാമ്പത്തികവര്‍ഷത്തില്‍ നികുതിബാധ്യത വന്നുചേരുമെന്നുള്ളവര്‍ ഈ ഫോമുകള്‍ സമര്‍പ്പിക്കരുത്. 10,000 രൂപയില്‍ കൂടുതല്‍ ബാങ്ക്പലിശ വരുമാനം പ്രതീക്ഷിക്കുന്നവര്‍ വര്‍ഷാരംഭത്തില്‍ത്തന്നെ ഈ ഫോം സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുക.

കത്തില്‍ പറഞ്ഞിരിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ക്ക് ഈ ഫോമുകള്‍ സമര്‍പ്പിക്കാന്‍ അനുവാദമില്ല. ഈ സ്ഥാപനങ്ങള്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 12എ എ പ്രകാരം ആദായനികുതി കമ്മീഷണറുടെ അംഗീകാരം നേടിയിരിക്കണം; ഈ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്കുവിധേയമായി ആദായനികുതിയില്‍നിന്നും ഒഴിവ് ലഭിക്കും. ഇങ്ങനെ രജിസ്റ്റേര്‍ഡായിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ടിഡിഎസില്‍നിന്നും ഒഴിവ് ലഭിക്കണമെങ്കില്‍ ബന്ധപ്പെട്ട ആദായനികുതി ഓഫീസറില്‍നിന്നും വകുപ്പ് 197 പ്രകാരമുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍മാത്രമേ ടിഡിഎസില്‍നിന്നും ഒഴിവ് ലഭിക്കുകയുള്ളു.








No comments:

Post a Comment