Thursday, May 10, 2012

മലപ്പുറം സഹകരണ ബാങ്കിന് 50 വയസ്സ്; ഒരു വര്‍ഷത്തിനിടെ 50 പദ്ധതികള്‍


മലപ്പുറം സഹകരണബാങ്ക് സുവര്‍ണജൂബിലി പ്രമാണിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ നടത്തുന്നു. ഒരു വര്‍ഷത്തിനിടെ 50 ജനപ്രിയ പദ്ധതികളും നടപ്പാക്കും. ജൂബിലി വര്‍ഷത്തില്‍ നിക്ഷേപകര്‍ക്ക് ഒരുശതമാനം അധികപലിശയും കാലാവധിക്കുള്ളില്‍ വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ഒന്നരശതമാനം പലിശയിളവും നല്‍കും. ഒരുശതമാനം പലിശനിരക്കില്‍ കാര്‍ഷിക വായ്പയും നല്‍കും. സുവര്‍ണജൂബിലി സ്മാരക ലൈബ്രറി തുടങ്ങാനും പദ്ധതിയുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

നഗരസഭയിലെ മൂന്ന് വില്ലേജുകളില്‍ ചെറുകിട കുടിവെള്ള പദ്ധതികളും ജില്ലാപഞ്ചായത്ത് കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിക്ക് രണ്ടുലക്ഷം രൂപയും നല്‍കും. മലപ്പുറം താലൂക്ക് ആസ്പത്രി മോര്‍ച്ചറി നവീകരണത്തിന് സഹായമേകും. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ഉപകരണങ്ങള്‍ വാങ്ങാന്‍ അരലക്ഷവും മാരകരോഗങ്ങളുടെ ചികിത്സയ്ക്ക് 10,000 രൂപവരെയുള്ള ധനസഹായ പദ്ധതിയും ആരംഭിക്കും.

ബാങ്കിന്റെ അംഗങ്ങള്‍ക്കായി പ്രതിമാസ പെന്‍ഷന്‍ പദ്ധതിയും മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി വീടുകളില്‍ ബയോഗ്യാസ് പ്ലാന്‍റ് നിര്‍മിക്കാന്‍ ധനസഹായവും നല്‍കും. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള വായ്പ പലിശരഹിതമാക്കും. ജൂബിലി ആഘോഷം 13ന് വൈകീട്ട് കോട്ടക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 50 വികസന പദ്ധതികളുടെ പ്രഖ്യാപനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും.

ഡോക്യുമെന്‍ററി പ്രകാശനം മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സിനിമാ- സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന മെഗാഷോയും അരങ്ങേറും. സഹകരണ ബാങ്കുകളുടെ ചരിത്രത്തില്‍ ആദ്യമായി ഇന്‍റര്‍നെറ്റ് ബാങ്കിങ് സംവിധാനത്തോടെ സമ്പൂര്‍ണ കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് മലപ്പുറം സഹകരണ ബാങ്ക്. 1962ല്‍ ആരംഭിച്ച ബാങ്കിന് 124 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനവും 114 കോടിയുടെ നിക്ഷേപ ബാക്കിനില്‍പ്പുമുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 175 കോടിയുടെ വായ്പ ബാങ്ക് നല്‍കിക്കഴിഞ്ഞു. സഹകരണമേഖലയില്‍ ആദ്യമായി എല്ലാ ബ്രാഞ്ചുകളും കമ്പ്യൂട്ടര്‍വത്കരിക്കുകയും എ.ബി.ബി സംവിധാനത്തോടെ എ.ടി.എം ആരംഭിച്ചതും ഇവിടെയാണെന്ന് അധികൃതര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്‍റ് കെ.കെ. അബ്ദുളള, വൈസ്പ്രസിഡന്‍റ് വി. സമീര്‍ബാബു, സെക്രട്ടറി പി. വിജയകുമാരി, മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment