Saturday, May 5, 2012

സുക്കര്‍ബെര്‍ഗ് സമ്പത്തിന്റെ നെറുകയിലേക്ക്‌


സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ നിരയിലേക്ക് ഉടന്‍ എത്തും. പ്രഥമ പബ്ലിക് ഓഫറിലൂടെയുള്ള (ഐപിഒ) ഓഹരി വില്‍പന കഴിയുന്നതോടെയാണ് 27കാരനായ സുക്കര്‍ബെര്‍ഗ് സമ്പത്തിന്റെ നെറുകയിലെത്തുക.

മെയ് 18നാണ് ഫേസ്ബുക്കിന്റെ പബ്ലിക് ഇഷ്യു. 28 ഡോളറിനും 35 ഡോളറിനുമിടയ്ക്കാണ് ഓഹരികളുടെ സൂചിത വില. 33.74 കോടി ഓഹരികളുടെ വില്‍പനയിലൂടെ ഏതാണ്ട് 59,000 കോടി രൂപ (11 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് ഫേസ്ബുക്ക് ഒരുങ്ങുന്നത്. അതിന് കഴിഞ്ഞാല്‍ കമ്പനിയുടെ മൂല്യം ഏതാണ്ട് 5.14 ലക്ഷം കോടി രൂപയായി ഉയരും.

ഓഹരികള്‍ അമേരിക്കന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്യുന്നതോടെ സിഇഒ ആയ സുക്കര്‍ബെര്‍ഗിന്റെ ഓഹരികളുടെ മൂല്യം 17.60 ബില്യണ്‍ ഡോളറായി ഉയരും. അതായത്, ഏതാണ്ട് 94,000 കോടി രൂപ. 5,900 കോടി രൂപ നികുതി ഇനത്തില്‍ നല്‍കിയ ശേഷമാണ് ഇത്.

ഇതോടെ, മൈക്രോസോഫ്റ്റിന്റെ സിഇഒ സ്റ്റീവ് ബാള്‍മറിനെക്കാള്‍ വലിയ കോടീശ്വരനാകും സുക്കര്‍ബെര്‍ഗ്.

പത്തൊമ്പതാം വയസ്സില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് സുക്കര്‍ബെര്‍ഗ് ഫേസ്ബുക്കിന് ജന്മം നല്‍കുന്നത്. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റാണ് 90 കോടി അംഗങ്ങളുള്ള ഫേസ്ബുക്ക്.



No comments:

Post a Comment