Saturday, May 5, 2012

ബിസിനസ്സില്‍ സ്വന്തം വഴി തേടിയവര്‍



ദേവിത സറഫ്‌
'ഏന്‍ വഴി തനി വഴി...' പടയപ്പ എന്ന ചിത്രത്തില്‍ തമിഴിലെ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ഡയലോഗാണിത്. കുടുംബ ബിസിനസ്സിന്റെ പ്രതാപം വിട്ടെറിഞ്ഞ് പടയപ്പ സ്റ്റൈലില്‍ സ്വന്തം വഴി തിരഞ്ഞെടുക്കുകയാണ് ബിസിനസ് രംഗത്തെ പുതുതലമുറ. ദേവിത സറഫ്, ഭൈരവി ജാനി, കവിത ഗുപ്ത സബര്‍വാള്‍, നന്ദന്‍ പിരാമള്‍, സഷാ മിര്‍ചന്ദാനി, റിഷാബ് മാരിവാല.... പട്ടിക നീളുകയാണ്. 

സെനിത് കമ്പ്യൂട്ടേഴ്‌സിന്റെ സ്ഥാപകന്‍ രാജ് സറഫിന്റെ മകളാണ് 30കാരിയായ ദേവിത സറഫ്. കുട്ടിക്കാലം മുതല്‍ തന്നെ അവള്‍ അച്ഛനെ സഹായിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷത്തിന് ശേഷം പ്ലസ് ടു പൂര്‍ത്തിയാക്കി അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയില്‍ ബിബിഎ പഠിക്കാന്‍ പോയി. പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ദേവിത 2003ല്‍ സെനിത്തിന്റെ ചേര്‍ന്നു. പെട്ടെന്നു തന്നെ ഡയറക്ടര്‍ മാര്‍ക്കറ്റിങ്ങായും പിന്നീട് എക്‌സിക്യൂട്ടീവ് ഡയറക്ടറായും ഉയര്‍ത്തപ്പെടുകയും ചെയ്തു. 

എന്നാല്‍ അവിടെ ഒതുങ്ങി നില്‍ക്കാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. ഇരുപത്തിനാലാം വയസ്സില്‍ വു ടെക്‌നോളജീസ് (Vu Technologies) എന്ന ബ്രാന്‍ഡില്‍ രാജ്യത്തെ ആദ്യ ലക്ഷ്വറി ടെക്‌നോളജി കമ്പനി സ്ഥാപിച്ചുകൊണ്ട് ദേവിത സ്വന്തം വഴി കണ്ടെത്തി. പിതാവിന്റെ പൂര്‍ണ അനുഗ്രാശിസ്സുകളോടെ തന്നെയായിരുന്നു ഇത്. 

ആഡംബര ശ്രേണിയിലുള്ള എല്‍സിഡി ടിവികള്‍, എല്‍ഇഡി ടിവികള്‍, സൂപ്പര്‍ ടിവി എന്നിവയാണ് വു ടെക്‌നോളജീസിന്റെ ഉത്പന്ന നിര. വീടുകളിലേക്കാവശ്യമായ ടിവികള്‍ക്ക് പുറമെ നക്ഷത്ര ഹോട്ടലുകളിലും ഓഫീസുകളിലുമൊക്കെ വയ്ക്കുന്ന വമ്പന്‍ എല്‍സിഡി, എല്‍ഇഡി സ്‌ക്രീനുകളുമുണ്ട്. 

ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ ദേവിതയെ തേടിയെത്തിയിട്ടുണ്ട്. രാജ്യത്തെ വാണിജ്യ - വ്യവസായ ചേംബറുകളുടെ കൂട്ടായ്മയായ ഫിക്കിയില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്. വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ കോളമിസ്റ്റ് കൂടിയാണ് ക്രിക്കറ്റ് പ്രേമിയായ ഈ യുവ സംരംഭക. 
റിഷാബ് മാരിവാല
രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ മാരികോയുടെ സ്ഥാപകന്‍ ഹര്‍ഷ് മാരിവാലയുടെ മകനാണ് 29കാരനായ റിഷാബ്. സോപ്പ് നിര്‍മാണ കമ്പനി തുടങ്ങിക്കൊണ്ടാണ് റിഷാബ് തന്റെ കുടുംബ ബിസിനസ് വിട്ടത്. സോപ്പ് ഒപേറ എന്‍ മോര്‍ (Soap Opera N More) എന്ന ബ്രാന്‍ഡില്‍ കൈകൊണ്ടുണ്ടാക്കുന്ന സോപ്പായിരിക്കും അദ്ദേഹം വിപണിയിലിറക്കുക. 

ന്യൂയോര്‍ക്കിലെ ഫ്രാങ്ക് ജി സാര്‍ബ് സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കുടുംബ ബിസിനസ്സില്‍ ചേര്‍ന്ന റിഷാബ്, മാരികോയുടെ ബ്യൂട്ടി സലൂണ്‍ സര്‍വീസ് വിഭാഗമായ കായ സ്‌കിന്‍ ക്ലിനിക്ക് വിജയിപ്പിച്ചെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പുതിയ കമ്പനി സ്ഥാപിക്കാനായുള്ള ഫണ്ട് വീട്ടില്‍ നിന്ന് ലഭിച്ചതാണെങ്കിലും ഇത് കുടുംബ ബിസിനസ്സിന്റെ ഭാഗമായല്ലെന്ന് അദ്ദേഹം പറയുന്നു. 

രാജ്യത്തെ മുന്‍നിര ലോജിസ്റ്റിക് കമ്പനിയായിരുന്ന ബ്ലൂ ഡാര്‍ട്ടിന്റെ സ്ഥാപകരിലൊരാളായ തുഷാര്‍ ജാനിയുടെ മകളാണ് 32കാരിയായ ഭൈരവി. 2001ല്‍ ഡിഎച്ച്എല്‍, ബ്ലൂഡാര്‍ട്ടിനെ ഏറ്റെടുത്തിരുന്നു. പഠനശേഷം വാഷിങ്ടണില്‍ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയില്‍ രണ്ട് വര്‍ഷം ജോലി ചെയ്ത ശേഷം 2001ല്‍ നാട്ടില്‍ തിരിച്ചെത്തിയ ഭൈരവി പക്ഷെ, കുടുംബ ബിസിനസ്സില്‍ ചേരാനായിരുന്നില്ല താത്പര്യം കാട്ടിയത്. പകരം ഐ3പിഎല്‍ എന്ന പേരില്‍ സ്വന്തം സംരംഭം തുടങ്ങുകയായിരുന്നു. 

ഒനിഡ ടിവികളുടെ നിര്‍മാതാക്കളായ മിര്‍ക് ഇലക്ട്രോണിക്‌സിന്റെ മേധാവി ഗുലു മിര്‍ച്ചന്ദാനിയുടെ മകന്‍ സാഷ, അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം കുടുംബ ബിസിനസ്സില്‍ ചേര്‍ന്നെങ്കിലും അധിക കാലം നിന്നില്ല. കുടുംബ ബിസിനസ് നോക്കിനടത്താന്‍ കുടുംബത്തില്‍ തന്നെ ഒട്ടേറെ പേരുള്ളതിനാലാണ് അദ്ദേഹം സ്വന്തം വഴി തിരഞ്ഞെടുത്തത്. ആദ്യം ഇമെര്‍സീസ് ടെക്‌നോളജീസ് എന്ന കമ്പനി സ്ഥാപിച്ച അദ്ദേഹം പിന്നീട് കായി ക്യാപ്പിറ്റല്‍ എന്ന പേരില്‍ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സംരംഭം തുടങ്ങി ഈ രംഗത്ത് ശ്രദ്ധേയനായി. ഏഞ്ചല്‍ നിക്ഷേപ സംരംഭമായ മുംബൈ ഏഞ്ചല്‍സിന്റെ സഹസ്ഥാപകന്‍ കൂടിയാണ് ഈ 39കാരന്‍. 

അശോക് പിരാമള്‍ ഗ്രൂപ്പ് മേധാവി അശോക് പിരാമളിന്റെ മകന്‍ 31കാരനായ നന്ദന്‍ പിരാമള്‍ തിരഞ്ഞെടുത്തത് സ്‌പോര്‍ട്‌സ് ബിസിനസ്സായിരുന്നു. 2007ല്‍ പുണെ ഫുട്‌ബോള്‍ ക്ലബ്ബിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഇത്. ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ മൂന്ന് സീസണായി പുണെ എഫ്‌സി കളിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്റ്റൈല്‍സ്, ഓട്ടോ കംപോണന്റ്‌സ് മേഖലകളിലാണ് അശോക് പിരാമള്‍ ഗ്രൂപ്പിന് സാന്നിധ്യമുള്ളത്. 

രാജ്യത്തെ മുന്‍നിര മരുന്നുകമ്പനിയായ ലൂപിന്റെ ഉടമ ദേഷ് ബന്ധു ഗുപ്തയുടെ മകള്‍ കവിത ഗുപ്ത സബര്‍വാള്‍ കമ്പനി വിട്ടത് പലരേയും ഞെട്ടിച്ചുകൊണ്ടാണ്. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മൈക്രോബയോളജിയില്‍ പിജി നേടിയ ശേഷം ലൂപ്പിനില്‍ ചേര്‍ന്ന അവിടെ ബയോടെക്‌നോളജി വിഭാഗം ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ പിന്നീട് കമ്പനി വിട്ട് സ്വന്തം സംരംഭം തുടങ്ങുകയായിരുന്നു. കുട്ടികള്‍ക്കായി പ്രീ-സ്‌കൂള്‍ ശൃംഖല തുടങ്ങുകയായിരുന്നു അവര്‍. 

കുടുംബ ബിസിനസ്സിന്റെ ചട്ടക്കൂടുകളില്‍ നിന്ന് പുറത്തുചാടാന്‍ റെഡിയായിരിക്കുന്ന പുതുതലമുറ ഇവിടെ അവസാനിക്കുന്നില്ല. വളരും തോറും പുറത്തുചാടാനാണ് ചിലര്‍ക്ക് താത്പര്യം. അതിനാല്‍ തന്നെ ഈ പ്രക്രിയ തുടരുകയ തന്നെ ചെയ്യും.

No comments:

Post a Comment