ലാഭക്ഷമത വര്‍ധിപ്പിക്കാനായി രാജ്യത്തെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വന്‍തോതില്‍ ശാഖകള്‍ അടച്ചുപൂട്ടുന്നു. ഇതോടൊപ്പം, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുമുണ്ട്. മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1,500ലേറെ ശാഖകളാണ് അടച്ചുപൂട്ടിയത്. ചെലവുചുരുക്കി ലാഭക്ഷമത ഉയര്‍ത്തുകയാണ് ലക്ഷ്യം.
രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ രണ്ട് വര്‍ഷത്തിനിടെ ശാഖകളുടെ എണ്ണം 1,923ല്‍ നിന്ന് 1,000 ആയി വെട്ടിച്ചുരുക്കി. എസ്ബിഐ ലൈഫ് ഒഴികെ ആറ് മുന്‍നിര സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ രണ്ട് വര്‍ഷത്തിനിടെ ശാഖകളുടെ എണ്ണം 30 ശതമാനം വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതേകാലയളവില്‍ 27 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഇതോടെ ഈ കമ്പനികളുടെയെല്ലാം ലാഭം ഇരട്ടിയായി.
ഐസിഐസിഐ പ്രുഡന്‍ഷ്യലിന് പുറമെ, ബജാജ് അലയന്‍സ്, മാക്‌സ് ന്യൂയോര്‍ക്ക് ലൈഫ്, ടാറ്റാ ഏഐജി ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, ബിര്‍ള സണ്‍ലൈഫ് എന്നീ കമ്പനികളും ശാഖകള്‍ അടച്ചുപൂട്ടി. 18 മുതല്‍ 250 വരെ ശാഖകളാണ് ഈ കമ്പനികള്‍ അടച്ചുപൂട്ടിയത്.
ജീവനക്കാരെ പിരിച്ചുവിട്ട കാര്യത്തിലും ഐസിഐസിഐ പ്രുഡന്‍ഷ്യലാണ് മുന്നില്‍. 2009-10ല്‍ 20,000 ജീവനക്കാരുണ്ടായിരുന്നത് 2011-12 ആയപ്പോഴേക്കും 13,200 ആയി ചുരുങ്ങി. 34 ശതമാനം ഇടിവ്. ബജാജ് അലയന്‍സ് 20,000ത്തില്‍ നിന്ന് 13,829 ആയും മാക്‌സ് ന്യൂയോര്‍ക്ക് ലൈഫ് 10,454ല്‍ നിന്ന് 7,583 ആയും ടാറ്റാ ഏഐജി ലൈഫ് 8,100ല്‍ നിന്ന് 4,744 ആയും ജീവനക്കാരുടെ എണ്ണം കുറച്ചു.
ഇതേകാലയളവില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫിന്റെ ലാഭം 260 കോടിയില്‍ നിന്ന് 1,384 കോടിയായും ബജാജ് അലയന്‍സിന്റെ ലാഭം 540 കോടിയില്‍ നിന്ന് 1,311 കോടി രൂപയായും ഉയര്‍ന്നു. മറ്റു കമ്പനികള്‍ ഇതേകാലയളവില്‍ നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് കുതിച്ചു.
No comments:
Post a Comment