അര ഗ്രാം മുതല്‍ 50 ഗ്രാം വരെ തൂക്കമുള്ള സ്വര്‍ണനാണയങ്ങളും 100 ഗ്രാമിന് മുകളിലുള്ള സ്വര്‍ണ ബിസ്‌ക്കറ്റുകളും ഇന്ന് ലഭ്യമാണ്. 22 കാരറ്റിലുള്ള സ്വര്‍ണ നാണയങ്ങളും 24 കാരറ്റിലുള്ള തങ്കനാണയങ്ങളുമുണ്ട്. 916 പരിശുദ്ധിയാണ് 22 കാരറ്റ് സ്വര്‍ണത്തിനെങ്കില്‍ 24 കാരറ്റിന് 999 പരിശുദ്ധിയുണ്ടാവും. അതിനാലാണ് 24 കാരറ്റിനെ തനിതങ്കമെന്ന് പറയുന്നത്. തങ്കത്തിന് സ്വര്‍ണത്തെക്കാള്‍ വില കൂടുതലാണ്. നിക്ഷേപമായി സ്വര്‍ണനാണയത്തെ കാണുന്നവര്‍ 24 കാരറ്റ് തനിതങ്കനാണയങ്ങള്‍ തന്നെ വാങ്ങുന്നതാണ് ഉത്തമം. സര്‍ട്ടിഫിക്കേഷനോട് കൂടിയ സീല്‍ഡ് ടാംപര്‍ പ്രൂഫ് കവറിലാണ് മിക്ക സ്ഥാപനങ്ങളും സ്വര്‍ണനാണയങ്ങളും തങ്കനാണയങ്ങളും വില്‍ക്കുന്നത്.
രാജ്യത്തെ മുന്‍നിര ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവിടങ്ങളില്‍ സ്വര്‍ണ/ തങ്ക നാണയ വ്യാപാരം നടക്കുന്നുണ്ട്.
ബാങ്കുകള്‍
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), ഏറ്റവും വലിയ ദേശസാത്കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ ഉള്‍പ്പെടെ പ്രമുഖ ബാങ്കുകളുടെ തിരഞ്ഞെടുത്ത ശാഖകളില്‍ നിന്ന് സ്വര്‍ണ നാണയങ്ങള്‍ വാങ്ങാം. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡിഎഫ്.സി.ബാങ്ക് പോലുള്ള പുതുതലമുറ സ്വകാര്യ ബാങ്കുകളും സ്വര്‍ണനാണയങ്ങളുടെ വില്‍പന നിര്‍വഹിക്കുന്നുണ്ട്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ ഫെഡറല്‍ ബാങ്കിന്റെ തിരഞ്ഞെടുത്ത ശാഖകളില്‍ തങ്കനാണയങ്ങള്‍ ലഭ്യമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി), സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും സ്വര്‍ണനാണയങ്ങളുടെ വില്‍പന തുടങ്ങുന്നുണ്ട്.
50,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് സ്വര്‍ണനാണയങ്ങള്‍ വാങ്ങുകയാണെങ്കില്‍ ബാങ്കുകള്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് പരിശോധിക്കും. ബാങ്കുകളില്‍ വില ഇത്തിരി കൂടുതലായിരിക്കുമെന്ന കാര്യവും ഓര്‍ക്കുക. പക്ഷെ, പരിശുദ്ധിയുടെ കാര്യം ഗ്യാരന്റിയാണ്.
സ്വര്‍ണനാണയ വില്‍പന നടത്തുന്ന ബാങ്കുകള്‍
1. അലഹബാദ് ബാങ്ക്
2. ആക്‌സിസ് ബാങ്ക്
3. ബാങ്ക് ഓഫ് ബറോഡ
4. ബാങ്ക് ഓഫ് ഇന്ത്യ
5. ബാങ്ക് ഓഫ് നോവ സ്‌കോട്ടിയ
6. കനറാ ബാങ്ക്
7. കോര്‍പ്പറേഷന്‍ ബാങ്ക്
8. ഫെഡറല്‍ ബാങ്ക്
9. ഐസിഐസിഐ ബാങ്ക്
10. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
11. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
12. കൊട്ടക് മഹീന്ദ്ര ബാങ്ക്
13. എച്ച്ഡിഎഫ്‌സി ബാങ്ക്
14. ഇന്ത്യന്‍ ബാങ്ക്
15. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്
16. പഞ്ചാബ് നാഷണല്‍ ബാങ്ക്
17. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
18. സിന്‍ഡിക്കേറ്റ് ബാങ്ക്
19. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
20. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
21. സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല
22. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്
23. ആന്ധ്രാ ബാങ്ക്
സ്വര്‍ണ ഇറക്കുമതിക്ക് പുതുതായി അനുമതി ലഭിച്ച ബാങ്കുകള്‍
1. കരൂര്‍ വൈശ്യാ ബാങ്ക്
2. പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്
3. സൗത്ത് ഇന്ത്യന്‍ ബാങ്ക്
4. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍
5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്
6. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍
7. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍
മുത്തൂറ്റ്, മണപ്പുറം, കൊശമറ്റം ഫിനാന്‍സ് പോലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ/ തങ്കനാണയങ്ങളുടെ വില്‍പന നിര്‍വഹിക്കുന്നുണ്ട്.
പോസ്റ്റ് ഓഫീസുകള്‍
പോസ്റ്റ് ഓഫീസുകള്‍ വഴിയും ഇപ്പോള്‍ സ്വര്‍ണനാണയങ്ങള്‍ വാങ്ങാവുന്നതാണ്. കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും മറ്റു പ്രധാന പോസ്റ്റ് ഓഫീസുകളിലും ഇത് ലഭ്യമാണ്. അര ഗ്രാം, ഒരു ഗ്രാം, അഞ്ച് ഗ്രാം, എട്ട് ഗ്രാം, 20 ഗ്രാം തൂക്കങ്ങളിലുള്ള 24 കാരറ്റ് തങ്കനാണയങ്ങളാണ് പോസ്റ്റല്‍ വകുപ്പ് വില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറ് ശതമാനം വിലക്കിഴിവുണ്ട്.
എംഎംടിസി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എംഎംടിസിയും സ്വര്‍ണനാണയങ്ങളുടെ വില്‍പന നിര്‍വഹിക്കുന്നുണ്ട്. അര മുതല്‍ 100 ഗ്രാം വരെ തൂക്കത്തിലുള്ള 24 കാരറ്റ് തങ്കമാണ് ഇവിടെ നിന്ന് ലഭ്യമാകുന്നത്. കൂടാതെ, എട്ട് ഗ്രാമിന്റെ നാണയം 22 കാരറ്റിലും ലഭ്യമാണ്. എംഎംടിസിയുടെ ശാഖകളില്‍ നിന്ന് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ (അവധി ദിവസങ്ങള്‍ ഒഴികെ)
രാവിലെ 10നും വൈകീട്ട് അഞ്ചിനുമിടയില്‍ ആര്‍ക്കു വേണമെങ്കിലും പണം നല്‍കി ഇവ സ്വന്തമാക്കാവുന്നതാണ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയും സ്വീകരിക്കും. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് എംഎംടിസിയ്ക്ക് ശാഖയുള്ളത്.
വിലാസം: MMTC LTD, 2nd Floor, Jos Trust Building,
Behind Shenoy's, Opp. to YMCA
Chittoor Road, Kochi-682 035
Ph: 0484-2372873, 2360989
Email: mmtckochi@mmtclimited.com
ഫ്രാഞ്ചൈസികള്‍ വഴിയും എംഎംടിസി തങ്കനാണയങ്ങള്‍ വില്‍ക്കുന്നുണ്ട്.
ജ്വല്ലറികള്‍
കേരളത്തിലെ പ്രമുഖ ജ്വല്ലറികള്‍ എല്ലാം തന്നെ സ്വര്‍ണനാണയങ്ങളുടെ വില്‍പന നിര്‍വഹിക്കുന്നുണ്ട്. അര ഗ്രാം മുതലുള്ള നാണയങ്ങള്‍ ലഭ്യമാണ്. 22 കാരറ്റിലുള്ള നാണയങ്ങള്‍ക്ക് പുറമെ 24 കാരറ്റിലുള്ള തനിതങ്കവും വില്‍പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണനാണയങ്ങള്‍ വാങ്ങുമ്പോള്‍ അത് വിശ്വസനീയവും പ്രസിദ്ധിയാര്‍ജിച്ചതുമായ ഇടങ്ങളില്‍ നിന്ന് തന്നെ ആവണം.
സ്വര്‍ണനാണയങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
പലരും 24 കാരറ്റ് തനിതങ്കമെന്ന് പറഞ്ഞ് പരിശുദ്ധി കുറഞ്ഞ സ്വര്‍ണനാണയങ്ങള്‍ വില്‍ക്കുന്നുണ്ട്. അതിനാല്‍, സര്‍ട്ടിഫിക്കേഷനോടെയുള്ള സീല്‍ഡ് ടാംപര്‍ പ്രൂഫ് പായ്ക്കറ്റുകളിലെ സ്വര്‍ണ / തങ്ക നാണയം മാത്രമേ വാങ്ങാവൂ. സ്വര്‍ണത്തിന്റെ പരിശുദ്ധി, കാരറ്റ്, തൂക്കം എന്നിവ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും.
സ്വര്‍ണനാണയത്തോടൊപ്പമുള്ള സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മമായി പരിശോധിക്കുക. സര്‍ട്ടിഫിക്കറ്റില്‍ തൂക്കം 'g' (small letter) എന്ന ഇംഗ്ലീഷ് അക്ഷരം കൊണ്ട് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. ഉദാഹരണം: 10 g. പകരം, 'gm' എന്നാണ് രേഖപ്പെടുത്തിയതെങ്കില്‍ അത് വ്യാജമാകാനുള്ള സാധ്യതയുണ്ട്.
സ്വര്‍ണത്തിന്റെ പരിശുദ്ധി '%' ചിഹ്നത്തില്‍ തന്നെയാണോ എന്നും നോക്കുക. വ്യാജ സര്‍ട്ടിഫിക്കറ്റാണെങ്കില്‍ പൊതുവില്‍ കണ്ടുവരുന്നത് ' /.' എന്നാണ്.
സ്വര്‍ണനാണയങ്ങള്‍ വാങ്ങുമ്പോള്‍ ബാങ്കുകളില്‍ നിന്നോ എം.എം.ടി.സി.യില്‍ നിന്നോ പോസ്റ്റ് ഓഫീസുകളില്‍ നിന്നോ വാങ്ങുന്നതാണ് ഉചിതം.
വില്‍ക്കാന്‍ എന്തു ചെയ്യും
ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും എംഎംടിസിയും പോസ്റ്റല്‍ വകുപ്പുമൊന്നും വിറ്റ സ്വര്‍ണം തിരിച്ചെടുക്കില്ല. റിസര്‍വ് ബാങ്ക് അതിന് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ജ്വല്ലറികളില്‍ നിന്നാവുമ്പോള്‍ വാങ്ങിയ സ്വര്‍ണനാണയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റിയെടുക്കാനോ വില്‍ക്കാനോ കഴിയും. മറ്റുള്ള ഇടങ്ങളില്‍ നിന്ന് വാങ്ങിയ സ്വര്‍ണ നാണയങ്ങളും ജ്വല്ലറിയില്‍ വില്‍ക്കാം. പക്ഷെ, ചെറിയൊരു തുക പണിക്കുറവെന്നും മറ്റും പറഞ്ഞ് എടുത്തേക്കും.
No comments:
Post a Comment