Friday, May 11, 2012

വിദ്യാഭ്യാസ വായ്പ ആരുടെയും ഔദാര്യമല്ല


കോട്ടയം കുടമാളൂര്‍ ശ്രീശൈലത്തില്‍ ശ്രീകാന്തിന്‍റെ മകള്‍ ശ്രുതി തിരുപ്പൂര്‍ ശ്രീ ചൈതന്യ നഴ്സിങ് കോളെജില്‍ ബിഎസ്സിക്കു ചേര്‍ന്നതു കഴിഞ്ഞ വര്‍ഷം. ഒന്നാം വര്‍ഷ പരീക്ഷ കഴിഞ്ഞു ഫലം വന്നപ്പോള്‍ 80 ശതമാനം മാര്‍ക്ക്. എന്നാല്‍ രണ്ടാം വര്‍ഷ പ്രവേശനത്തിനു മുന്‍പ് രണ്ടാം വര്‍ഷത്തേക്കുള്ള ഫീസ് അടയ്ക്കാന്‍ കോളെജ് അധികൃതര്‍ നിര്‍ദേശിച്ചു. എച്ച്ഡിഎഫ്സി കോട്ടയം കുടമാളൂര്‍ ശാഖയിലാണു വായ്പയ്ക്ക് അപേക്ഷ നല്‍കിയത്. പലതരത്തിലുള്ള മുട്ടാത്തര്‍ക്കങ്ങള്‍ പറഞ്ഞു ബാങ്ക് അധികൃതര്‍ വായ്പ മുടക്കി. ഫീസ് നല്‍കാതെ പ്രവേശനം നിഷേധിക്കപ്പെട്ട ശ്രുതി കഴിഞ്ഞ ആറുമാസമായി കോളെജില്‍ പോകുന്നില്ല. അതിനിടെയാണ് സഹായം തേടി ശ്രുതിയുടെ പിതാവ് ശ്രീകാന്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കണ്ടത്. പഠനം മുടങ്ങുമെന്ന് ഉറപ്പായപ്പോള്‍ ഏതാനും ദിവസം മുന്‍പ് ഏതോ കീടനാശിനി കഴിച്ച് ഈ കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ദിവസങ്ങളായി കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുകയായിരുന്ന ശ്രുതി ഇന്നലെ പുലര്‍ച്ചെ അന്ത്യശ്വാസം വലിച്ചു. 2004 ഏപ്രിലില്‍ അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളെജിലെ രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി രജനി എസ്. ആനന്ദിന്‍റെ ആത്മഹത്യയ്ക്കു ശേഷം നടക്കുന്ന സമാനമായ സംഭവമാണ് ശ്രുതിയുടെ മരണം. 

പഠനം മുടങ്ങുന്നതിനോ മറ്റു ജീവിത പ്രതിസന്ധികള്‍ക്കോ ആതമഹത്യയല്ല പരിഹാരം. രജനിയുടെയും ശ്രുതിയുടെയും അതേ അനുഭവമുള്ള ആയിരക്കണക്കിനു കുട്ടികള്‍ നമുക്കു ചുറ്റുമുണ്ട്. അവരെ ദയയേതുമില്ലാതെ പീഡിപ്പിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുമുണ്ട്. പഠനത്തില്‍ മികവു പുലര്‍ത്തുന്ന മിടുക്കരായ കുട്ടികള്‍ക്ക് പണമില്ല എന്ന കാരണത്താല്‍ പഠനം മുടങ്ങരുത് എന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പാനയം ആവിഷ്കരിച്ചത്. തുടക്കത്തില്‍ ദേശസാത്കൃത ബാങ്കുകള്‍ക്കായിരുന്നു അതിന്‍റെ ചുമതല. ഈ വായ്പയ്ക്ക് ആദായ നികുതി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബാങ്കുകളും ഈ രംഗത്തേക്കു കടന്നു വന്നു. കേരളത്തില്‍ മാത്രം വിദ്യാഭ്യാസ വായ്പ പതിനായിരം കോടി രൂപ കവിഞ്ഞു എന്ന വെളിപ്പെടുത്തലുണ്ടായതു കഴിഞ്ഞ ദിവസം. എന്നിട്ടും ആവശ്യക്കാര്‍ക്ക് ഈ വായ്പ അന്യം എന്നതു വേറേ കാര്യം. ബിരുദ ബിരുദാനന്തര പഠനങ്ങള്‍ക്കാണു വായ്പ ലഭിക്കുക. ഇന്ത്യയില്‍ പഠിക്കുന്നവര്‍ക്ക് പരമാവധി പത്തു ലക്ഷം രൂപയും വിദേശ പഠനത്തിന് 20 ലക്ഷം രൂപയുമാണ് വായ്പ അനുവദിക്കുന്നത്. നാലു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 11.25 ശതമാനവും നാലുമുതല്‍ ഏഴര ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 12.75 ശതമാനവും അതിനു മുകളിലുള്ള വായ്പകള്‍ക്ക് 11.75 ശതമാനവുമാണ് പലിശ. കോഴ്സ് പൂര്‍ത്തിയാക്കി ആറുമാസം കഴിഞ്ഞ്, അല്ലെങ്കില്‍ ഒരു ജോലി ലഭിച്ച് ആറു മാസത്തിനുള്ളില്‍, ഈ രണ്ടില്‍ ഏതാണോ ആദ്യം വരുന്നത് അതാണു തിരിച്ചടവു തുടങ്ങാനുള്ള സമയം. പഠനം കഴിഞ്ഞു തിരിച്ചടവിനു ശേഷി ലഭിക്കത്തക്കവിധത്തില്‍ മികച്ച ശമ്പളത്തോടുകൂടിയ ജോലി ലഭിച്ചില്ലെങ്കില്‍ കടക്കെണിയില്‍ മുങ്ങി, കിടപ്പാടം പോലും നഷ്ടപ്പെടുന്ന സ്ഥിതിയിലാണ് വായ്പ എടുക്കുന്ന മിക്കവരും. മതിയായ ഈടൊന്നും വാങ്ങാതെ, നാമമാത്ര പലിശയ്ക്ക് അടുപ്പക്കാരായ കോര്‍പ്പറെറ്റുകള്‍ക്ക് എത്ര കോടി വേണമെങ്കിലും വായ്പ അനുവദിക്കാന്‍ ക്യൂ നില്‍ക്കുന്ന ബാങ്കുകളാണു വിദ്യാഭ്യാസ വായ്പകള്‍ നിഷേധിച്ച് കുട്ടികളുടെ ആരാച്ചാരാകുന്നത്.

വിദ്യാഭ്യാസ വായ്പ അനുവദിക്കാത്ത ബാങ്കുകള്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് എത്രയോ തവണ ആവര്‍ത്തിച്ചിരിക്കുന്നു, കേന്ദ്രവും കേരളവും ഭരിച്ചവരും ഭരിക്കുന്നവരും. എന്നിട്ടും രജനിമാരും ശ്രുതിമാരും നിസ്സഹായരായി സ്വജീവന്‍ ബലിയര്‍പ്പിക്കുന്നു. താങ്ങാനാവാത്ത കൊള്ളപ്പലിശ ഈടാക്കിയാണു ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. രക്ഷിതാക്കളെക്കൂടി സഹ വായ്പക്കാരാക്കി, ഈടും ബോണ്ടും ഇതര രേഖകളും വാങ്ങിവച്ചാണ് വായ്പ അനുവദിക്കുന്നത്. ഇതെല്ലാമുണ്ടായിട്ടും കേന്ദ്ര സര്‍ക്കാരിന്‍റെയും റിസര്‍വ് ബാങ്കിന്‍റെയും ഉത്തരവുകള്‍ പാലിക്കാന്‍ മടിക്കുന്ന ഒരു ബാങ്കിങ് സ്ഥാപനവും ഇവിടെ വേണ്ട എന്നു പ്രതിജ്ഞയെടുക്കട്ടെ, ശ്രുതിയുടെയും രജനിയുടെയും പിന്നെ, പേരറിയാത്ത അനേകായിരങ്ങളുടെയും രക്ഷിതാക്കളും ബന്ധുക്കളും വിദ്യാര്‍ഥി സമൂഹവും. എങ്കിലേ അവസാനിക്കൂ, വിദ്യാഭ്യാസ വായ്പയോടുള്ള ബാങ്ക് അധികൃതരുടെ ധാര്‍ഷ്ട്യം. 

Vaartha Realty Media 

No comments:

Post a Comment