Friday, June 1, 2012

രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് കൂപ്പുകുത്തി



* അവസാന പാദത്തിലെ വളര്‍ച്ച 5.3 ശതമാനം
* ഒമ്പത് വര്‍ഷത്തിനിടയിലെ കുറഞ്ഞ നിരക്ക്

രൂപയുടെ വിലയിടിവിന് പിന്നാലെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) കുത്തനെ കുറഞ്ഞതോടെ രാജ്യത്തിന്റെ സാമ്പത്തികമേഖല ആശങ്കയുടെ പിടിയിലായി. 2011-12 വര്‍ഷത്തെ നാലാംപാദത്തില്‍ (ജനവരി-മാര്‍ച്ച് കാലയളവ്) ജി.ഡി.പി. 5.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചനിരക്കാണിത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വളര്‍ച്ചനിരക്ക് 9.2 ശതമാനമായിരുന്നു. യൂറോപ്പിലെ സാമ്പത്തികമാന്ദ്യം രാജ്യത്തെ വ്യാവസായിക മേഖലയില്‍ സൃഷ്ടിച്ച ആഘാതമാണ് വളര്‍ച്ചനിരക്ക് കുത്തനെ കുറയാന്‍ കാരണം.

2011-12 വര്‍ഷത്തിലെ മൊത്തം സാമ്പത്തികവളര്‍ച്ച 6.5 ശതമാനമാണ്. മുന്‍വര്‍ഷം ഇത് 8.4 ശതമാനമായിരുന്നു. കൃഷി, വ്യവസായം തുടങ്ങിയ മേഖലകളില്‍ ജനവരി മുതല്‍ ഉടലെടുത്ത മാന്ദ്യമാണ് വളര്‍ച്ചയെ പിന്നോട്ടടിച്ചത്. കൃഷി, നിര്‍മാണ വ്യവസായം എന്നീ രംഗങ്ങളിലാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തിയത്.

2011-12ലെ അവസാനപാദത്തില്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ച 1.7 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കാര്‍ഷികരംഗം 7.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നിര്‍മാണ വ്യവസായം മൈനസ് 0.3 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2010-11ലെ അവസാന പാദത്തില്‍ ഈ മേഖല 7.3 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.

കെട്ടിടനിര്‍മാണരംഗത്തെ വളര്‍ച്ച മുന്‍വര്‍ഷത്തെ 8.9 ശതമാനത്തില്‍നിന്ന് 4.8 ശതമാനമായി കുറഞ്ഞു. വ്യാപാരം, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം എന്നിവയില്‍ വളര്‍ച്ച ഏഴ് ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷം ഇത് 11.6 ശതമാനമായിരുന്നു. വൈദ്യുതി, ഗതാഗതം, ജലവിതരണം (4.9 ശതമാനം), സാമ്പത്തികം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് സര്‍വീസ് (10 ശതമാനം), കമ്യൂണിറ്റി, സോഷ്യല്‍ ആന്‍ഡ് പേഴ്‌സണല്‍ സര്‍വീസ് (7.1 ശതമാനം), ഖനനം (4.3 ശതമാനം) എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ വളര്‍ച്ച.

2011-12 കാലയളവില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 52,02,514 കോടി രൂപയാണ്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചനിരക്കാണിതെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. നിര്‍മാണ വ്യവസായ രംഗത്തെ മോശം പ്രകടനമാണ് സാമ്പത്തിക വളര്‍ച്ച പിന്നോട്ട് പോകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സുപ്രധാന വ്യവസായമേഖലയില്‍ ഏപ്രില്‍ മാസത്തിലെ വളര്‍ച്ചയും ഏറെ പിന്നിലാണ്. കല്‍ക്കരി, വൈദ്യുതി, സിമന്‍റ്, ഉരുക്ക്, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, ശുദ്ധീകരിച്ച പെട്രോളിയം, വളം എന്നീ എട്ട് അടിസ്ഥാന വ്യവസായമേഖലയിലെ വളര്‍ച്ച 2.2 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷം ഇത് 4.4 ശതമാനമായിരുന്നു. കേന്ദ്ര വ്യവസായമന്ത്രാലയമാണ് പുതിയ കണക്കുകള്‍ വ്യാഴാഴ്ച പുറത്തുവിട്ടത്. രൂപയുടെ മൂല്യം ഇടിയുകയും പണപ്പെരുപ്പം കൂടുകയും ചെയ്തതോടെ രാജ്യത്തെ സാമ്പത്തികമേഖല കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയാണ്.

No comments:

Post a Comment