| വ്യവസായ ഭീമനായ റിലയന്‍സ് രാജ്യത്തെ ചിട്ടി മേഖലയില്‍ പിടിമുറുക്കാനൊരുങ്ങുന്നു. മാര്‍ഗദര്‍ശി ചിറ്റ് ഫണ്ട്‌സ് എന്ന സ്‌ഥാപനം സ്വന്തമാക്കിയ റിലയന്‍സ് രാജ്യത്തുടനീളം ശാഖകള്‍ തുറക്കാന്‍ പദ്ധതി തയാറാക്കി. ചിട്ടി-കുറി വ്യവസായ മേഖലയ്‌ക്ക് ഏറെ സ്വാധീനമുള്ള കേരളത്തിലും റിലയന്‍സിന് അനുകൂല സാഹചര്യമൊരുങ്ങി. കേന്ദ്ര ചിട്ടി നിയമത്തിന്റെ ചുവടുപിടിച്ചു സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം വിജ്‌ഞാപനം ചെയ്‌ത കേരള ചിറ്റ് ഫണ്ട്‌സ് ചട്ടങ്ങള്‍ ചിട്ടി വ്യവസായ മേഖലയില്‍ സമ്മിശ്ര പ്രതികരണമുണ്ടാക്കി. സംസ്‌ഥാനത്തെ വന്‍കിട കുറിക്കമ്പനികള്‍ പുതിയ ചട്ടത്തെ സ്വാഗതംചെയ്യുമ്പോള്‍ ചെറുകിട കുറിക്കമ്പനികളും ചാരിറ്റബിള്‍ ആക്‌ട് അനുസരിച്ച് കുറി നടത്തുന്ന ധര്‍മസ്‌ഥാപനങ്ങളും ചട്ടത്തിലെ ചില വ്യവസ്‌ഥകളെ എതിര്‍ത്തു. പുതിയ ചിട്ടി തുടങ്ങാന്‍ ഇനിമുതല്‍ പ്രത്യേകം പ്രത്യേകം രജിസ്‌ട്രേഷന്‍ നടത്തേണ്ടിവരും. ചിട്ടിയില്‍ ചേര്‍ന്നവരുടെ വിശദ പട്ടികയ്‌ക്കൊപ്പം മൊത്തം ചിട്ടിപ്പണത്തിന്റെ അമ്പതു ശതമാനം തുക കെട്ടിവയ്‌ക്കുകയും ശേഷിച്ച അമ്പതു ശതമാനത്തിന് ബാങ്ക് ഗാരന്റി നല്‍കുകയും വേണം. എങ്കില്‍ മാത്രമേ പുതിയ ചിട്ടി തുടങ്ങാനുള്ള അനുമതി ജില്ലാ രജിസ്‌ട്രാര്‍ ഓഫീസില്‍നിന്നു ലഭിക്കൂ. ഗാരന്റി പണത്തിനുള്ള മൂലധനം സ്‌ഥാപനത്തിനില്ലെങ്കില്‍ ഓഹരി ഉടമകള്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടിവരും. ചെറുകിട ചിട്ടിക്കമ്പനികള്‍ക്കു മൂലധനം കണ്ടെത്താന്‍ കഴിയാതെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരും. ചിട്ടിയില്‍നിന്നുള്ള ആദായം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്‌ഥാപനങ്ങള്‍ക്കു മേലില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റേയും സംസ്‌ഥാന സര്‍ക്കാരിന്റേയും അനുമതി വാങ്ങണം. കേന്ദ്ര നിയമമനുസരിച്ച് ചിട്ടി ഇടപാടു നടത്തുന്ന സ്‌ഥാപനങ്ങള്‍ പേരിനൊപ്പം ചിട്ടി, കുറി, ചിറ്റ് ഫണ്ട് എന്നിവയില്‍ ഏതെങ്കിലും കൂട്ടിച്ചേര്‍ക്കണം. ധര്‍മസ്‌ഥാപനങ്ങള്‍ അങ്ങനെ കൂട്ടിച്ചേര്‍ത്താല്‍ ചാരിറ്റബിള്‍ ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കാനാകില്ല. ലേലം വിളിക്കുന്നതിനുള്ള പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതു ലേല കിഴിവിന്റെ ആനുകൂല്യം ലഭിച്ചിരുന്ന വരിക്കാര്‍ക്കു പ്രശ്‌നമാകും. സംസ്‌ഥാനത്തു നിലവിലുള്ള കുറികള്‍ തുടക്കത്തില്‍ 65 മുതല്‍ 70 ശതമാനംവരെ കിഴിവിലാണു വിളിക്കുക. ഇത്തരം കിഴിവില്‍ ഒരാള്‍ വിളിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്‌ടം ബാക്കിയുള്ളവര്‍ക്കായി വീതിക്കപ്പെടും. ഇതു മറ്റു വരിക്കാരുടെ ആദ്യ വര്‍ഷങ്ങളിലെ മാസ ഗഡു കാര്യമായി കുറയാനിടയാക്കും. പരിധി 30 ശതമാനം ആകുന്നതോടെ ഗഡുവില്‍ വന്‍ വര്‍ധനയുണ്ടാകും. ഇതുവഴി പത്തു ലക്ഷത്തിന്റെ ചിട്ടിയില്‍ തവണ 1,800 രൂപയിലധികം വര്‍ധിക്കുമെന്ന് വിദഗ്‌ധര്‍ പറയുന്നു. കേന്ദ്ര ചിട്ടി ആക്‌ടില്‍ ചിട്ടിയുടെ കാലാവധി അഞ്ചു വര്‍ഷമാണ്. ഇപ്പോള്‍ ഏറെ ജനപ്രിയമായ 20 വര്‍ഷം മുതലുള്ള ദീര്‍ഘകാല ചിട്ടികളെ ഇല്ലാതാക്കും. നിലവില്‍ വരിക്കാരില്‍നിന്ന് അധികമായി പിരിച്ചെടുക്കുന്ന തുകയില്‍നിന്നായിരുന്നു ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയിരുന്നത്. ഭാഗ്യസമ്മാനങ്ങളുടെ പെരുമഴ നിലച്ചാല്‍ വരിക്കാരുടെ താല്‍പര്യം കുറയുമെന്ന ഭയം പല ചിട്ടി ഉടമകള്‍ക്കുമുണ്ട്. ആവശ്യമായ ആസ്‌തിയുള്ള ലിമിറ്റഡ് കമ്പനികള്‍ക്കേ വലിയ ചിട്ടി നടത്താനാകൂ എന്ന പുതിയ ചിട്ടി നിയമം റിലയന്‍സ് പോലുള്ള വന്‍കിട ചിട്ടിക്കമ്പനികള്‍ക്ക് അനുഗ്രഹമാകും. |
Friday, June 22, 2012
ചിട്ടി മേഖലയിലേക്കും റിലയന്‍സ്
Subscribe to:
Post Comments (Atom)
No comments:
Post a Comment