ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തില്‍ പല കാതലായ മാറ്റങ്ങളും വരികയാണ്. ഇതിനായി എം.ദാമോദരന്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ മിക്കതും അംഗീകരിച്ച റിസര്‍വ് ബാങ്ക് അവ നടപ്പിലാക്കിവരികയാണ്. ഉത്പാദന ക്ഷമതയിലെ പഞ്ചനക്ഷത്ര പദവിയിലേക്ക്; ഇന്ത്യന്‍ ബാങ്കിങ് മേഖല ശ്രേഷ്ഠതയിലേക്കുള്ള വഴിയില്‍'' എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ എഫ്‌ഐസിസിഐയും ബിസിജിയുമായി ചേര്‍ന്ന് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
അതില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 2025 ഓടെ ഇന്ത്യന്‍ ബാങ്കിങ് വ്യവസായത്തെ ലോകത്തിലെ മൂന്നാംസ്ഥാനത്തേക്ക് എത്തിക്കും എന്ന് പറയുന്നുണ്ട്. നിലവിലെ 1,35,000 കോടി ഡോളര്‍ (2010) ആസ്തിയുടെ വ്യവസായം 2025 ആകുമ്പോഴേക്കും 28,50,000 കോടി ഡോളര്‍ ആസ്തിയിലേക്കുള്ള ഭീമമായ വളര്‍ച്ചയാണ് ബാങ്കിങ് വ്യവസായത്തെ കാത്തിരിക്കുന്നത് എന്നും പ്രസ്തുത റിപ്പോര്‍ട്ട് തുടരുന്നു.
ഇന്ത്യയിലെ ബാങ്കിങ് വ്യവസായം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ നടപടികള്‍ റിസര്‍വ് ബാങ്ക് ഈ അടുത്ത കാലത്ത് എടുക്കുകയുണ്ടായി. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലെ പലിശനിരക്ക് ക്രമപ്പെടുത്തല്‍, പുതിയ ബാങ്കിങ് ലൈസന്‍സിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ബേസല്‍ നോം 111 നടപ്പിലാക്കല്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്. 2002 മുതലിങ്ങോട്ട് ബാങ്കിങ് ഓഹരി സൂചികയില്‍ 31 ശതമാനത്തിന്റെ ശരാശരി അധികവളര്‍ച്ച (സിഎജിആര്‍) യാണ് ഉണ്ടായിട്ടുള്ളത്.
വളരെ വിജയപ്രദമായ ഒരു ദശാബ്ദമായിരുന്നു ബാങ്കിങ് മേഖലയ്ക്ക് ഇവിടന്നങ്ങോട്ടും ഈ രംഗത്ത് നല്ല പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യയില്‍ 88 ഷെഡ്യൂള്‍സ് കൊമേഴ്‌സ്യല്‍ ബാങ്കുകളും (ഇതില്‍ 27 എണ്ണം സര്‍ക്കാര്‍ പങ്കാളിത്തമുള്ള പൊതുമേഖലാ ബാങ്കുകളാണ്) 29 സ്വകാര്യ ബാങ്കുകളും 31 വിദേശബാങ്കുകളും ഉണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ ബാങ്കിങ് മേഖല വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് നിര്‍വഹിക്കുന്നത്. ഏതൊരു സമ്പദ് വ്യവസ്ഥയുടേയും വളര്‍ച്ചയുടെ തിരക്കഥ ആ രാജ്യത്തിന്റെ ബാങ്കിങ് വ്യവസായത്തിന്റെ സമ്പുഷ്ടിയെ ആശ്രയിച്ചേ പൂര്‍ണമാക്കപ്പെടുകയുള്ളൂ. ഇന്ന് ഇന്ത്യയുടെ ബാങ്കിങ് വ്യവസ്ഥ അതിന്റെ കരുത്തുകൊണ്ട് ലോകത്ത് മുന്‍പന്തിയിലാണ്.
നമ്മുടെ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് കേന്ദ്രബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. രാജ്യത്തിന്റെ ബാങ്കിങ് വ്യവസായത്തിന്റെ 75 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് പൊതുമേഖലാ ബാങ്കുകളാണ്. 18 ശതമാനത്തോളം സ്വകാര്യബാങ്കുകളും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ബാങ്കിങ് വ്യവസായം ഒട്ടേറെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്.
ബാങ്കിങ് മേഖല അടിമുടി പരിഷ്‌കരിക്കുന്നതിനായി ജൂണ്‍ 2010 നാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ മുന്‍ ചെയര്‍മാന്‍ എം. ദാമോദരന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ റിസര്‍വ് ബാങ്ക് നിയോഗിച്ചത്. 2011 നവംബറില്‍ തന്നെ കമ്മിറ്റി അതിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ അവലോകനയോഗം ദാമോദരന്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ ഒട്ടുമിക്കതും അംഗീകരിക്കുകയുണ്ടായി. അതിലെ പല സുപ്രധാന നിര്‍ദേശങ്ങളും ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയുമാണ്.ബാങ്കുകളുടെ പ്രധാന പ്രവര്‍ത്തന വരുമാനം പലിശയിനത്തില്‍ നിന്നുള്ളതാണ്.
മിക്കവാറും എല്ലാ ബാങ്കുകളുടേയും മൊത്തം വരുമാനത്തില്‍ 75 മുതല്‍ 85 ശതമാനം വരെ പലിശ ഇനത്തിലുള്ളതാണ്. പലിശ വരുമാനത്തിനു പുറമേ മറ്റു പല ഫീസുകള്‍, ചാര്‍ജുകള്‍, കമ്മീഷനുകള്‍ എന്നീ ഇനങ്ങളിലും, ട്രഷറി ഓപ്പറേഷനിലൂടെയും വരുമാനം ലഭിക്കുന്നു. വിവിധ ഇനം നിക്ഷേപങ്ങള്‍ക്ക് കൊടുക്കേണ്ടുന്ന പലിശ, ബോണ്ടുകളിലും വായ്പകളിന്മേലുള്ള പലിശ, നിഷ്‌ക്രിയ ആസ്തി നേരിടുന്നതിനു വേണ്ടിയുള്ള നീക്കിയിരുപ്പ് തുടങ്ങിയവ പ്രധാന ചെലവുകളും റീട്ടെയില്‍ ബാങ്കിങ്, ഹോള്‍ സെയില്‍ ബാങ്കിങ്, കോര്‍പ്പറേറ്റ് ബാങ്കിങ്, ട്രഷറി ഓപ്പറേഷന്‍ എന്നിങ്ങനെ ബാങ്കുകളുടെ പ്രവര്‍ത്തന മേഖല പലതാണ്.
ഇതില്‍ റീട്ടെയില്‍ ബാങ്കിങ് ആണ് ഏറ്റവും ലാഭകരം. ഐ.സി.ഐ.സി.ഐ. ബാങ്കിനാണ് രാജ്യത്ത് ഏറ്റവും വലിയ റീട്ടേയില്‍ ബാങ്കിങ് ശൃംഖല ഉള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക് തുടങ്ങിയവയ്ക്കും ഈ മേഖലയില്‍ നല്ല പങ്കാളിത്തമുണ്ട്. ഹോള്‍സെയില്‍ ബാങ്കിങ്ങില്‍ മേല്‍പ്പറഞ്ഞ ബാങ്കുകള്‍ക്ക് പുറമേ ബാങ്ക് ഓഫ് ബറോഡയുടെ സാന്നിധ്യവും ശക്തമായി ഉണ്ട്.
ദാമോദരന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഒരു പ്രധാന നിര്‍ദേശമാണ് അനാവശ്യമായ പിഴകള്‍ എടുത്തുകളയുക എന്നത്. വായ്പകളിന്മേലുള്ള മുന്‍കൂര്‍ അടവുകള്‍ക്ക്, അത് ഭാഗികമാണെങ്കിലും പൂര്‍ണമായാണെങ്കിലും ഒരു 'പിഴ' ഈടാക്കുന്നത് സര്‍വ്വസാധാരണമായിരുന്നു. ഇത് എടുത്തുകളയണമെന്നാണ് നിര്‍ദേശം.
ഉദാഹരണത്തിന് ഫ്ലോട്ടിങ് നിരക്കില്‍ നിങ്ങള്‍ ഒരു ഭവനവായ്പ എടുത്തെന്നിരിക്കട്ടെ. ബാങ്ക് നിങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ഈടാക്കുകയോ അല്ലെങ്കില്‍ പലിശകുറഞ്ഞ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ആ ആനുകൂല്യം നിഷേധിക്കുകയോ ചെയ്യുകയാണെങ്കില്‍ 'പിഴ' ഒട്ടും കൊടുക്കാതെ ഇഷ്ടമുള്ള ബാങ്കിലേക്ക് ഗൃഹവായ്പ മാറ്റാം.ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്ക് ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ (എ.ടി.എം.) സ്ഥാപിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനുമുള്ള അനുമതിയാണ് മറ്റൊന്ന്.
ഇത്തരം വൈറ്റ് ലേബല്‍ എ.ടി.എമ്മുകള്‍ക്ക് എല്ലാ ബാങ്കുകളുടെയും ഇടപാടുകാര്‍ക്ക് ഒരുപോലെ സേവനം നല്‍കുവാന്‍ കഴിയും. ബാങ്കുകള്‍ കടന്നുചെല്ലാത്ത ഇടങ്ങളില്‍ക്കൂടി ഇത്തരം എ.ടി.എമ്മുകള്‍ കടന്നുചെല്ലുകയും അത് ഇടപാടുകാര്‍ക്ക് വലിയ സൗകര്യമാവുകയും ചെയ്യും.
ഇടപാടുകാര്‍ക്ക് എല്ലാം ഒരു യുണിക് ഐഡന്റിഫിക്കേഷന്‍ കോഡ് (യു.സി.ഐ.സി.) നല്‍കാനും ആര്‍.ബി.ഐ. ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വ്യക്തിഗത അക്കൗണ്ടുകളില്‍ ഇത് ഉടനെ പ്രാവര്‍ത്തികമാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലുള്ള ഇടപാടുകാര്‍ക്ക് 2013 ഏപ്രില്‍ അവസാനിക്കുന്നതിന് മുമ്പും നല്‍കണം.
ഈ ഏകജാല വ്യക്തിഗത വിവരശേഖരണം ബാങ്കിന്റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഓരോ ഇടപാടുകാര്‍ക്കും കൃത്യമായി എത്തിക്കുന്നതിനും അതിനനുസരിച്ച് ഇടപാടുകാരെ കൈകാര്യം ചെയ്യുന്നതിനും സഹായിക്കും. ഇടപാടുകാരെ സംബന്ധിച്ചിടത്തോളം ഓരോ ആവശ്യങ്ങള്‍ക്കും ഓരോ ബാങ്കിലും പ്രത്യേകം കെ.വൈ.സി. നല്‍കേണ്ടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യാം.
നിക്ഷേപങ്ങള്‍ക്കുള്ള പലിശയില്‍ ഈ അടുത്തകാലത്ത് വളരെ ശ്രദ്ധേയമായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഉദാഹരണത്തിന് 179 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനവും 180 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 8 ശതമാനവും എന്ന രീതിയില്‍ പല ബാങ്കുകളും പലിശ നല്‍കി വരുന്നുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് ഇത് നിര്‍ത്തുവാന്‍ ആവശ്യപ്പെടുകയും ഒരേ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് താരതമ്യപ്പെടുത്താവുന്ന രീതിയില്‍ പലിശനിരക്ക് പുതുക്കി നിശ്ചയിക്കാനും ആവശ്യപ്പെടുകയുണ്ടായി. ഹോള്‍സെയല്‍ ഇടപാടുകാര്‍ക്ക് റീട്ടെയില്‍ ഇടപാടുകാര്‍ക്ക് ഉള്ളതിനേക്കാളും കൂടുതല്‍ പലിശ നല്‍കുന്ന ഒരു പ്രവണതയും ഉണ്ടായിരുന്നു. റിസര്‍വ് ബാങ്ക് ഇത് ശ്രദ്ധിക്കുകയും ഈ വ്യത്യാസം പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
ബാങ്കിങ് വ്യവസായത്തിന്റെ കാര്യക്ഷമത വര്‍ദ്ധിച്ചതിനപ്പുറം തികച്ചും സുതാര്യവും, സൗകര്യപ്രദവും അതിനപ്പുറം സൗഹാര്‍ദപരവുമായ ബാങ്കിങ് ഇടപാടുകളുടെ നാളുകളാണ് നമ്മളെ കാത്തിരിക്കുന്നത്. എ.ടി.എം. / ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്നുള്ള ഒരൊറ്റ വാചകം എസ്.എം.എസുകൊണ്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യിക്കാനും പുതിയവ ഇഷ്യു ചെയ്യാനും പറ്റുന്ന വേഗതയിലേക്ക്.