Monday, April 30, 2012

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 6.19 ശതമാനത്തിന്റെ വളര്‍ച്ച

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 6.19 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായതായി എസ്‌.ബി.ടി. മാനേജിംഗ്‌ ഡയറക്‌ടര്‍ പി.നന്ദകുമാരന്‍ അറിയിച്ചു. ലാഭം മുന്‍വര്‍ഷത്തെ 1696 കോടി രൂപയെ അപേക്ഷിച്ച്‌ 1830 കോടി രൂപയായി. അസല്‍ പലിശ വരുമാനം എട്ടു ശതമാനം അഭിവൃദ്ധിപ്പെട്ടതാണ്‌ മുന്‍വര്‍ഷത്തെ 1176 കോടി രൂപയുടെ പ്രവര്‍ത്തന ലാഭത്തിന്റെ സ്‌ഥാനത്ത്‌ 1249 കോടി രൂപയായി വര്‍ധിക്കാനിടയായതെന്നും എം.ഡി. പറഞ്ഞു.

ബാങ്കിന്റെ മൊത്തം ബിസിനസ്‌ 104212 കോടി രൂപയില്‍നിന്നും 21.69 ശതമാനം വളര്‍ച്ചയോടെ 126816 കോടി രൂപയായി വര്‍ധിച്ചു. 58158 കോടി രൂപയുടെ നിക്ഷേപത്തില്‍ നിന്ന്‌ 71470 കോടി രൂപയായി നിക്ഷേപം ഉയര്‍ന്നു. 46044 കോടി രൂപയില്‍നിന്നും വായ്‌പ 55346 കോടി രൂപയായും വര്‍ധിച്ചു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആകെ വരുമാനം മുന്‍വര്‍ഷത്തെക്കാള്‍ 29 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും നന്ദകുമാരന്‍ പറഞ്ഞു. 2011-12 ലെ ഇടക്കാല വിഹിതമുള്‍പ്പെടെ 10 രൂപ മുഖവിലയുള്ള ഓഹരിക്ക്‌ 18 രൂപ വാര്‍ഷികവിഹിതം ഡയറക്‌ടര്‍ ബോര്‍ഡ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കാര്‍ഷിക മേഖലയിലെ വായ്‌പകള്‍ മുന്‍വര്‍ഷാന്ത്യത്തിലെ 5580 കോടി രൂപയുടെ സ്‌ഥാനത്ത്‌ 60 ശതമാനം വളര്‍ച്ചയോടെ 8902 രൂപയായപ്പോള്‍ കാര്‍ഷിക വിഭാഗത്തില്‍ എ.എന്‍.ബി.സി. നിര്‍ദിഷ്‌ട 18 ശതമാനത്തിനുമേല്‍ 19.15 ശതമാനം നേട്ടം കൈവരിച്ചു. മാര്‍ച്ച്‌ വരെ 13.20 ലക്ഷം ഉപാധിരഹിത അക്കൗണ്ടുകള്‍ തുടങ്ങിയതില്‍ 70 ശതമാനവും കേരളത്തിലാണെന്നും എം.ഡി. അറിയിച്ചു. അനുവദിക്കപ്പെട്ട സഹായ ഹസ്‌ത പദ്ധതി 13000ത്തോളം ഇടപാടുകാരെ ബാങ്ക്‌ ചേര്‍ത്തു. 

സാമ്പത്തിക വര്‍ഷത്തില്‍ തുറന്ന 87 ശാഖകള്‍ ഉള്‍പ്പെടെ ഇന്ന്‌ ബാങ്കിന്‌ 879 ശാഖകളുണ്ട്‌. 929 എ.ടി.എമ്മുകളും ബാങ്കിന്‌ ഇന്നുണ്ട്‌. തൃശൂരിലെ ഉള്‍പ്പെടെ ആകെ ആറു മേഖലാ ഓഫീസുകളും ഉള്ള ബാങ്കിന്‌ തിരുവനന്തപുരത്ത്‌ പ്രത്യേക പ്രവാസി സേവനശാഖയുമുണ്ട്‌. 

സ്വര്‍ണപ്പണയ വായ്‌പാ ലഭ്യത ഉറപ്പാക്കാന്‍ സംസ്‌ഥാനത്ത്‌ 13 ജില്ലകളിലും കന്യാകുമാരി ജില്ലയിലുമായി 14 പ്രത്യേക ഗോള്‍ഡ്‌ പോയിന്റ്‌ ശാഖകളും എസ്‌.ബി.ടിക്കുണ്ടെന്ന്‌ എം.ഡി. അറിയിച്ചു. 

മുന്‍ വര്‍ഷാന്ത്യത്തിലെ രജിസ്‌ട്രേഷന്‍ അപേക്ഷിച്ച്‌ 24.86 ശതമാനം വര്‍ധനയോടെ ബാങ്ക്‌ ഈ വര്‍ഷം പുതിയതായി 90434 ഇന്റര്‍നെറ്റ്‌ ബാങ്കിംഗ്‌ അക്കൗണ്ടുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജര്‍ എം.സി. ജേക്കബ്‌, ജനറല്‍ മാനേജര്‍മാരായ കണ്ണന്‍കുട്ടി, ഹരികൃഷ്‌ണന്‍, സജീവ്‌ കൃഷ്‌ണന്‍, ശാന്തനു മുഖര്‍ജി, രവിചന്ദ്‌ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment