Wednesday, August 1, 2012

എസ്.ബി.ഐയെ പിന്തള്ളി എച്ച്.ഡി.എഫ്.സി ബാങ്ക് ഒന്നാമത്


രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയെ മറികടന്ന് കമ്പോളമൂല്യത്തില്‍ സ്വകാര്യ മേഖലയിലെ എച്ച്.ഡി.എഫ്.സി ബാങ്ക് ഒന്നാമതെത്തി. എച്ച്.ഡി.എഫ്.സിയുടെ മൊത്ത വിനിമയ മൂല്യം 1,37,500 കോടി രൂപയായി വര്‍ധിച്ചു.

ഓഹരി വിപണിയില്‍ വില്‍പന സമ്മര്‍ദം നേരിട്ട എസ്.ബി.ഐ ഓഹരികളുടെ വില രണ്ടു ശതമാനം കുറഞ്ഞപ്പോള്‍ എച്ച്.ഡി.എഫ്.സി ഓഹരികള്‍ മൂന്നു ശതമാനം നേട്ടമുണ്ടാക്കി. വിപണി 300 പോയന്റിന്റെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എസ്.ബി.ഐയുടെ വിദേശ കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം


വിദേശ കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം. 125 കോടി ഡോളര്‍ ലക്ഷ്യമിട്ട കടപ്പത്ര വില്‍പ്പനക്ക്് ഇതിന്‍െറ 5.4 മടങ്ങ് തുകയ്ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. അഞ്ച് വര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങള്‍ക്ക് 4.125 ശതമാനം പലിശയാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്തിരുന്നത്. ഒരു ഇന്ത്യന്‍ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ വിദേശ കടപ്പത്ര വില്‍പ്പന കൂടിയാണിത്.കടപ്പത്രങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനത്തിന്‍െറ 47 ശതമാനവും ഏഷ്യന്‍ മേഖലയില്‍ നിന്നുള്ള നിക്ഷേപകരില്‍ നിന്നാണ്. അമേരിക്കയില്‍ നിന്ന് 31 ശതമാനവും 22 ശതമാനം യൂറോപ്പില്‍ നിന്നുമാണ്. ഫണ്ട് മാനേജര്‍മാര്‍ക്ക് പുറമെ വിദേശ·െ സ്വകാര്യ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും കമ്പനികളും കടപ്പത്രങ്ങള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.കടപ്പത്രങ്ങള്‍ സിങ്കപ്പൂര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്യും.എസ്.ബി.ഐയുടെ മികച്ച പ്രതിഛായയാണ് കടപ്പത്ര വില്‍പ്പനക്ക് മികച്ച പ്രതികരണം ലഭ്യമാക്കിയതെന്ന് കടപ്പത്ര വില്‍പ്പനക്കായി നിയോഗിച്ച സ്ഥാപനങ്ങള്‍ വ്യക്തമാക്കി. സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, ജെ.പി മോര്‍ഗന്‍ തുടങ്ങി ആറോളം ധനകാര്യ സ്ഥാപനങ്ങളെയാണ് എസ്.ബി.ഐ കടപ്പത്ര വില്‍പ്പനക്ക് ചുമതലപ്പെടുത്തിയത്.

സ്പൈസ് ജെറ്റ് ലാഭത്തില്‍


തുടര്‍ച്ചയായി അഞ്ച് പാദങ്ങളില്‍ നഷ്ടത്തിലായിരുന്ന സ്പൈസ് ജെറ്റ് വീണ്ടും ലാഭത്തില്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ സ്പൈസ് 56 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. വിറ്റുവരവിലും കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

കലാനിധി മാരന്‍ മുഖ്യ പ്രൊമോട്ടറായ ചെന്നൈ ആസ്ഥാനമായ കമ്പനി കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 76 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 1406 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. മുന്‍ വര്‍ഷം ഇത് 930.75 കോടിയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഒരു യാത്രക്കാരനില്‍ നിന്നുള്ള ശരാശരി വരുമാനം 24 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം യാത്രക്കാരുടെ എണ്ണത്തില്‍ 26 ശതാമനം വര്‍ധനയുമുണ്ടായി.
ആഭ്യന്തര വ്യോമയാന മേഖലയില്‍ സ്പൈസ് ജെറ്റിന്‍െറ പങ്കാളിത്തം 1.5 ശതമാനം ഉയര്‍ന്ന് 18.6 ശതാമനത്തിലുമെത്തി.
ഇന്ധനത്തിനുള്‍പ്പെടെ പ്രവര്‍ത്തന ചെലവ് ഗണ്യമായി വര്‍ധിച്ചില്ലായിരുന്നെങ്കില്‍ ലാഭത്തില്‍ കൂടുതല്‍ വര്‍ധനയുണ്ടാകുമായിരുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.